ബിഎൽഎം നിക്ഷേപ തട്ടിപ്പ്: ചെയർമാൻ ആർ. പ്രേംകുമാറിനെ ഇന്ന് കോഴിക്കോട് എത്തിക്കും; വൈകിട്ട് കോടതിയിൽ ഹാജരാക്കും
Kozhikode, 30 ഒക്റ്റോബര് (H.S.) കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ചെന്നൈയിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായ ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെ ഇന്ന് കോഴിക്കോട് എത്തിക്കും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വി
ബിഎൽഎം നിക്ഷേപ തട്ടിപ്പ്: ചെയർമാൻ ആർ. പ്രേംകുമാറിനെ ഇന്ന് കോഴിക്കോട് എത്തിക്കും; വൈകിട്ട് കോടതിയിൽ ഹാജരാക്കും


Kozhikode, 30 ഒക്റ്റോബര് (H.S.)

കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ചെന്നൈയിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായ ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെ ഇന്ന് കോഴിക്കോട് എത്തിക്കും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷം വൈകുന്നേരത്തോടെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.

ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ചെന്നൈയിൽ വെച്ച് പ്രേംകുമാറിനെ പിടികൂടിയത്. ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പാണ് പ്രാഥമിക ഘട്ടത്തിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഉയർന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സാധാരണക്കാരായ നിക്ഷേപകരിൽ നിന്നും സമാഹരിച്ച തുക വ്യവസ്ഥകൾ ലംഘിച്ച് വകമാറ്റിയെന്നാണ് പ്രധാന ആരോപണം.

നിക്ഷേപകരുടെ പണം ഉപയോഗിച്ച് വ്യക്തിഗത സ്വത്തുക്കൾ, മറ്റ് ബിസിനസ്സ് സംരംഭങ്ങൾ, കെട്ടിടങ്ങൾ എന്നിവ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൊസൈറ്റിയുടെ വിവിധ ശാഖകൾ വഴിയാണ് വലിയ തുക സമാഹരിച്ചത്. ബാങ്കുകൾ വഴി നടന്ന ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് വൻതോതിലുള്ള പണമിടപാടുകളാണ് ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.

ബിഎൽഎം സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന പരാതിയെ തുടർന്ന് കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വ്യാപ്തിയും സങ്കീർണ്ണതയും പരിഗണിച്ച് അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട അറസ്റ്റാണിത്.

ചെന്നൈയിൽ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് വൈദ്യപരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പ്രേംകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. നിക്ഷേപം നഷ്ടപ്പെട്ട നിരവധി ആളുകൾ പരാതികളുമായി ഇതിനകം പോലീസിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / Roshith K


Latest News