പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ വെടിയുതിര്ത്ത് ആത്മഹത്യ ചെയ്ത് ഭര്ത്താവും
Idukki, 30 ഒക്റ്റോബര്‍ (H.S.) പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിയുതിര്‍ത്താണ് ജീവനൊടുക്കിയത്. നെറ്റിത്തൊഴു മഴുവാഞ്ചേരില്‍ സ്വദേശി സന്തോഷ്
su8icide


Idukki, 30 ഒക്റ്റോബര്‍ (H.S.)

പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിയുതിര്‍ത്താണ് ജീവനൊടുക്കിയത്. നെറ്റിത്തൊഴു മഴുവാഞ്ചേരില്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. കുഴിതൊളു പോസ്റ്റ് ഓഫിസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യ ശ്രീജയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഇയാള്‍ പോസ്റ്റ് ഓഫിസിലേക്ക് എത്തിയത്. ജോലിസ്ഥലത്ത് ശ്രീജ എത്തിയതിന് പിന്നാലെ പോസ്റ്റ് ഓഫിസിലെത്തിയ സന്തോഷ് ഇവരെ ബലമായി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരികയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ശ്രീജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു.

ശ്രീജയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സന്തോഷ് കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശ്രീജയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പട്ടാപ്പകല്‍ സര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ നടന്ന ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് കുഴിതൊളു നിവാസികള്‍. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇരുവരെയും നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയം പോസ്റ്റ് ഓഫിസില്‍ മറ്റ് ജീവനക്കാരും ഇടപാടുകാരും ഉണ്ടായിരുന്നു. ഇവരും വലിയ ഭീതിയിലായി.

ഇരുവരും തമ്മില്‍ കുറച്ചുകാലമായി നിലനിന്നിരുന്ന രൂക്ഷമായ കുടുംബവഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഏറെനാളായി അകന്നുകഴിയുകയായിരുന്നു. തൂക്കുപാലത്താണ് ശ്രീജ ഇപ്പോള്‍ താമസിക്കുന്നത്. ഇവരുടെ വിവാഹമോചന കേസില്‍ ശനിയാഴ്ച കോടതി വിധി പറയാനിരിക്കെയാണ് സന്തോഷ് അതിക്രൂരമായ ആക്രമണം.

സന്തോഷ് മുന്‍പും ശ്രീജയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിരന്തരമായുള്ള ഉപദ്രവങ്ങളെ തുടര്‍ന്നാണ് ഇവര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു ക്രൂരകൃത്യം അരങ്ങേറിയത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് സന്തോഷ് കൃത്യം നിര്‍വഹിക്കാന്‍ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News