സ്തനാർബുദ ബോധവൽക്കരണത്തിന് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി
NewDelhi , 31 ഒക്റ്റോബര് (H.S.) സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി രണ്ട് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ ഉൾപ്പെടുത്തിയ സുവനീർ ഷീറ്റ് തപാൽ വകുപ്പ് പുറത്തിറക്കി. ന്യൂഡൽഹിയിലെ ഡാക് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ-കുടുംബ
ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ സ്റ്റാമ്പ്


NewDelhi , 31 ഒക്റ്റോബര് (H.S.)

സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി രണ്ട് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ ഉൾപ്പെടുത്തിയ സുവനീർ ഷീറ്റ് തപാൽ വകുപ്പ് പുറത്തിറക്കി. ന്യൂഡൽഹിയിലെ ഡാക് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ സാന്നിധ്യത്തിൽ തപാൽ സർവീസസ് ഡയറക്ടർ ജനറൽ മനീഷ സിൻഹയാണ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്തത്.

ദേശീയ ആരോഗ്യ മുൻഗണനകൾക്ക് പിന്തുണ നൽകുന്നതിനും ആരോഗ്യപരമായ വിഷയങ്ങളിൽ പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും തപാൽ സ്റ്റാമ്പുകൾ ഫലപ്രദമായ മാധ്യമമാണെന്ന് മനീഷ സിൻഹ പറഞ്ഞു. സ്തനാർബുദം തടയുന്നതിനും നിയന്ത്രിക്കുന്നതിനും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും രോഗം നേരത്തെ കണ്ടെത്തലും നിർണായകമാണ്. സ്ത്രീകൾക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിൽ കുടുംബങ്ങളുടെ പിന്തുണയും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കാൻസർ ചികിത്സയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ആശയവിനിമയത്തിനും മാനസിക പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമായി പോസ്റ്റ് കാർഡുകൾ ഉപയോഗിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ആരോഗ്യസന്ദേശം സ്റ്റാമ്പുകളിലൂടെ ജനങ്ങളിലെത്തിക്കുന്ന തപാൽ വകുപ്പിന്റെ സംരംഭത്തെ പുണ്യ സലില ശ്രീവാസ്തവ അഭിനന്ദിച്ചു. സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ദേശീയ ആരോഗ്യ പരിപാടിയുടെ പ്രധാന ഭാഗമാണെന്ന് അവർ വ്യക്തമാക്കി. രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തുന്നതിനായി സ്ത്രീകൾക്ക് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു.

ഇന്ത്യൻ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. രാജ്യത്ത് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പകർച്ചവ്യാധിയല്ലാത്ത രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ജനസംഖ്യാധിഷ്ഠിത പരിശോധനകളും നേരത്തെയുള്ള രോഗനിർണയ നടപടികളും കേന്ദ്ര സർക്കാർ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവർക്ക് തുടർപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജില്ലാ ആശുപത്രികളിലും ഉന്നത ചികിത്സാ കേന്ദ്രങ്ങളിലും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഫോർട്ടിസ് ആശുപത്രിയുമായി സഹകരിച്ച് തപാൽ വകുപ്പ് ഡാക് ഭവനിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾക്കു പുറമെ ബേസിക് ലൈഫ് സപ്പോർട്ട് (BLS), കാർഡിയോപൾമണറി റീസസിറ്റേഷൻ (CPR) തുടങ്ങിയ ജീവൻരക്ഷാ രീതികളിൽ പ്രായോഗിക പരിശീലനവും നൽകി.

പ്രത്യേക സുവനീർ ഷീറ്റ് രാജ്യത്തെ ഫിലാറ്റലി ബ്യൂറോകൾ വഴിയും തപാൽ വകുപ്പിന്റെ ഔദ്യോഗിക ഇ-പോസ്റ്റ് ഓഫീസ് പോർട്ടലായ www.epostoffice.gov.in വഴിയും പൊതുജനങ്ങൾക്ക് വാങ്ങാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News