എൻ.എച്ച്.എം ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം: സി ഐ ടി യു
Thiruvananthapuram , 31 ഒക്റ്റോബര് (H.S.) കേരളത്തിന്റെ ആരോഗ്യസംവിധാനം തിങ്കളാഴ്ച മുതൽ പ്രതിസന്ധിയിലേക്ക്; എല്ലാ ജില്ലകളിലും ആരോഗ്യസേവനങ്ങൾ ബാധിക്കപ്പെടും ദേശീയ ആരോഗ്യദൗത്യത്തിന് (NHM) കീഴിൽ കേരളത്തിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചുവരുന്
എൻ എച്ച് എം


Thiruvananthapuram , 31 ഒക്റ്റോബര് (H.S.)

കേരളത്തിന്റെ ആരോഗ്യസംവിധാനം തിങ്കളാഴ്ച മുതൽ പ്രതിസന്ധിയിലേക്ക്; എല്ലാ ജില്ലകളിലും ആരോഗ്യസേവനങ്ങൾ ബാധിക്കപ്പെടും

ദേശീയ ആരോഗ്യദൗത്യത്തിന് (NHM) കീഴിൽ കേരളത്തിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചുവരുന്ന 1495 ജീവനക്കാരെ പിരിച്ചുവിട്ട നടപടി അതീവ പ്രതിഷേധാർഹമാണെന്ന് സി ഐ ടി യു

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ജീവനക്കാരെ ഒഴിവാക്കിയതോടെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

വർഷങ്ങളായി ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നവരാണ് എൻ.എച്ച്.എം ജീവനക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ തുടങ്ങി വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ ഇവരുടെ സേവനം നിർണായകമാണ്.

പ്രതിരോധ കുത്തിവെപ്പ്, മാതൃ-ശിശു പരിചരണം, പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീ രോഗനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ലാബ് സേവനങ്ങൾ, ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ഫീൽഡ് തലത്തിലുള്ള ആരോഗ്യപ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ എൻ.എച്ച്.എം ജീവനക്കാരുടെ സേവനം ആരോഗ്യസംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ്.

എല്ലാ ജില്ലകളിൽ നിന്നുമായി 1495 ജീവനക്കാരെ ഒഴിവാക്കിയതോടെ നാളെ മുതൽ തന്നെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാഹചര്യമാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ആശുപത്രികൾ പ്രവർത്തിക്കേണ്ടിവരുന്നത് രോഗികളുടെ ചികിത്സയെയും ആരോഗ്യസേവനങ്ങളുടെ കാര്യക്ഷമതയെയും ബാധിക്കും. ഇതിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളായിരിക്കും.

വർഷങ്ങളോളം ആത്മാർത്ഥമായി സേവനമനുഷ്ഠിച്ച ജീവനക്കാരെ ഒറ്റയടിക്ക് തൊഴിൽരഹിതരാക്കുന്നത് അവരുടെ കുടുംബങ്ങളുടെ ജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും തകർക്കുന്ന നടപടിയാണ്. ജീവനക്കാരുടെ സേവനപരിചയവും പ്രവർത്തനമികവും ആരോഗ്യവകുപ്പിന് നഷ്ടമാകുന്ന സാഹചര്യം കൂടിയാണിത്.

കോവിഡ് മഹാമാരിയുൾപ്പെടെയുള്ള ആരോഗ്യപ്രതിസന്ധികളുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചവരാണ് എൻ.എച്ച്.എം ജീവനക്കാർ. ആരോഗ്യരംഗത്ത് അവരുടെ സംഭാവനകൾ വിസ്മരിക്കാനാവില്ല.

ആരോഗ്യസംവിധാനം ശക്തിപ്പെടുത്തേണ്ട സർക്കാർ ജീവനക്കാരെ പിരിച്ചുവിടുകയല്ല, അവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി ആരോഗ്യസേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

1495 ജീവനക്കാരെ പിരിച്ചുവിട്ട നടപടി അടിയന്തരമായി പിൻവലിക്കുക, എല്ലാ ജീവനക്കാരുടെയും തൊഴിൽ തുടർച്ച ഉറപ്പാക്കുക, ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി പരിഗണിക്കണം.

ജീവനക്കാരുടെ തൊഴിൽ സംരക്ഷണം എന്നത് കേവലം ഒരു സംഘടനയുടെ ആവശ്യമല്ല; പൊതുജനങ്ങളുടെ ആരോഗ്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.

എൻ.എച്ച്.എം ജീവനക്കാരുടെ നീതിപൂർവമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു .

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News