സെൻസസ് 2027 സമയക്രമം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു; സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ ജനുവരി 10 മുതൽ അവസരം
Newdelhi, 31 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: രാജ്യത്തെ കാത്തിരിക്കുന്ന 2027-ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഔദ്യോഗിക സമയക്രമം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വീടുകൾ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് 2027 ജന
സെൻസസ് 2027 സമയക്രമം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു; സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ ജനുവരി 10 മുതൽ അവസരം


Newdelhi, 31 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: രാജ്യത്തെ കാത്തിരിക്കുന്ന 2027-ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഔദ്യോഗിക സമയക്രമം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വീടുകൾ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, ജനസംഖ്യാ നിർണ്ണയത്തിനുള്ള നിർദ്ദിഷ്ട തീയതിയായി 2027 മാർച്ച് 1 അർദ്ധരാത്രി 00:00 മണി നിശ്ചയിച്ചിട്ടുണ്ട്.

ഡിജിറ്റൽ സ്വയം കണക്കെടുപ്പ് ജനുവരി 10 മുതൽ

സെൻസസ് നടപടികളുടെ ഭാഗമായി വീടുകൾ സന്ദർശിച്ചുള്ള വിവരശേഖരണം ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാകും. 2027 ജനുവരി 10 മുതൽ ജനുവരി 24 വരെയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. വീടുകളിലെത്തി കണക്കെടുപ്പ് നടത്തുന്നതിന് തൊട്ടുമുമ്പ് വരെ പൗരന്മാർക്ക് സ്വന്തം നിലയിൽ വിവരങ്ങൾ സമർപ്പിക്കാൻ ഇതിലൂടെ സാധിക്കും.

റിവിഷണൽ റൗണ്ട് മാർച്ച് 1 മുതൽ 5 വരെ

പ്രധാന കണക്കെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം, വിവരങ്ങളിൽ വിട്ടുപോയവ കണ്ടെത്താനും തിരുത്തലുകൾ വരുത്താനുമായി 2027 മാർച്ച് 1 മുതൽ മാർച്ച് 5 വരെ ഒരു റിവിഷണൽ റൗണ്ട് നടക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജനന-മരണങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്താനും കൃത്യത ഉറപ്പാക്കാനുമാണ് ഈ ഘട്ടം ക്രമീകരിച്ചിരിക്കുന്നത്.

ചില സംസ്ഥാനങ്ങളെയും മഞ്ഞുമൂടിയ മേഖലകളെയും ഒഴിവാക്കി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെയും മഞ്ഞുമൂടിയ വിദൂര മേഖലകളെയും നിലവിലെ സമയക്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും ലഡാക്കിലും ഈ ഘട്ടത്തിൽ കണക്കെടുപ്പ് നടക്കില്ല. കൂടാതെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അതിശൈത്യവും മഞ്ഞുവീഴ്ചയുമുള്ള പ്രത്യേക പ്രദേശങ്ങളെയും തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിലെ സെൻസസ് നടപടികൾ പിന്നീട് പ്രഖ്യാപിക്കും.

വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നതിന് കർശന വിലക്ക്

സെൻസസുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന ജനസംഖ്യാ കണക്കുകളോ വിവരങ്ങളോ മാധ്യമങ്ങൾക്ക് നൽകരുതെന്ന് ഒക്ടോബർ 26-ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു. 1948-ലെ സെൻസസ് ആക്ട് സെക്ഷൻ 15 പ്രകാരം ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യവും സംരക്ഷിതവുമാണ്. കേന്ദ്ര സർക്കാരിന്റെ മുൻകൂർ നിർദ്ദേശമില്ലാതെ ഒരു ഉദ്യോഗസ്ഥനോ അതോറിറ്റിക്കോ പ്രാഥമിക കണക്കുകൾ പരസ്യപ്പെടുത്താൻ അവകാശമില്ലെന്ന് ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News