അടൂർ പോലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജൻ ജോസഫിന് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പോലീസിനെതിരെ വിമർശനം ശക്തം
Pathanamthitta , 31 ഒക്റ്റോബര് (H.S.) പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ വെച്ച് യൂട്യൂബർ രാജൻ ജോസഫിന് നേരെ നടന്ന അതിക്രമത്തിന്റെയും ഭീഷണിയുടെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള
അടൂർ പോലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജൻ ജോസഫിന് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പോലീസിനെതിരെ വിമർശനം ശക്തം


Pathanamthitta , 31 ഒക്റ്റോബര് (H.S.)

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ വെച്ച് യൂട്യൂബർ രാജൻ ജോസഫിന് നേരെ നടന്ന അതിക്രമത്തിന്റെയും ഭീഷണിയുടെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് സ്റ്റേഷനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലായിരുന്നു യൂട്യൂബർ രാജൻ ജോസഫിനെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് എറണാകുളത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിൽ അടൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

സ്റ്റേഷൻ വളപ്പിൽ ജീപ്പ് എത്തിയ ഉടൻ തന്നെ തടിച്ചുകൂടിയ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുകയും രാജൻ ജോസഫിനെ വളഞ്ഞിട്ട് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് ഇയാളെ അക്രമികളിൽ നിന്ന് വലിച്ച് സ്റ്റേഷൻ കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയത്. ഈ ഉന്തും തള്ളുമിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ സംഭവങ്ങൾ അവിടെക്കൊണ്ട് അവസാനിച്ചില്ല. പ്രതിയെ ലോക്കപ്പിലാക്കിയ ശേഷവും നിയമപരമായ യാതൊരു അനുമതിയുമില്ലാതെ പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മയും മറ്റ് നേതാക്കളും ലോക്കപ്പിന് മുന്നിലെത്തി. സെല്ലിനുള്ളിൽ കഴിഞ്ഞിരുന്ന രാജൻ ജോസഫിന് നേരെ ഇവർ രൂക്ഷമായ ഭാഷയിൽ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

ഈ സമയത്ത് യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥർ തടസ്സമൊന്നും സൃഷ്ടിക്കാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. മാത്രമല്ല, ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ സംഭവങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഒരു പ്രതിക്ക് സംരക്ഷണം നൽകേണ്ട പോലീസ് സംവിധാനം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആക്രമികൾക്ക് ഒത്താശ ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇത് ഉയർത്തുന്നത്.

സംഭവത്തിൽ കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ മാത്രമാണ് പോലീസ് അന്ന് കേസെടുത്തിരുന്നത്. എന്നാൽ സംഭവത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കളുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്ന് സിപിഎം ആരോപിച്ചു. സ്റ്റേഷനിൽ അതിക്രമം കാണിച്ചവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ഇടത് സംഘടനകളുടെ ആവശ്യം.

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നതും അധിക്ഷേപിക്കുന്നതും നിയമപരമായി തെറ്റാണെന്നിരിക്കെ, നിയമം കയ്യിലെടുക്കാനും പോലീസ് സ്റ്റേഷനിൽ കയറി സമാന്തര വിചാരണ നടത്താനും ആർക്കും അവകാശമില്ലെന്ന രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. പോലീസ് സേനയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കും.

---------------

Hindusthan Samachar / Roshith K


Latest News