കെ.എസ്.ആർ.ടി.സി.യെ സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നയിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
Kochi , 04 ഒക്റ്റോബര് (H.S.) കെ.എസ്.ആർ.ടി.സിയെ കൂടുതൽ ആധുനിക സൗകര്യങ്ങളോടെ പ്രൊഫഷണലായി മാറ്റുകയും സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നോർത്ത് പറവൂർ യൂണിറ്റിൽ നിന്നും വിവിധ മ
V D Satheeshan


Kochi , 04 ഒക്റ്റോബര് (H.S.)

കെ.എസ്.ആർ.ടി.സിയെ കൂടുതൽ ആധുനിക സൗകര്യങ്ങളോടെ പ്രൊഫഷണലായി മാറ്റുകയും സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

നോർത്ത് പറവൂർ യൂണിറ്റിൽ നിന്നും വിവിധ മേഖലകളിലേക്ക് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 പുതിയ കെ.എസ്.ആർ.ടി.സി സർവീസുകളുടെ ഫ്ലാഗ് ഓഫും പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ പ്രിയദർശിനി പദ്ധതി വഴി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. സ്ത്രീകൾക്കുള്ള ഈ സൗജന്യ യാത്രാസൗകര്യം കേവലം ഒരു ഔദാര്യമല്ല, മറിച്ച് കേരളത്തിലെ സ്ത്രീസമൂഹത്തോടുള്ള ഈ സർക്കാരിന്റെ ആദരവിന്റെ പ്രതീകമാണ്. ഇത് നടപ്പിലാക്കിയപ്പോൾ കെ.എസ്.ആർ.ടി.സി പൂട്ടിപ്പോകുമെന്ന് ചിലർ പ്രവചിച്ചെങ്കിലും സ്ഥാപനത്തിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും കൂടുതൽ കളക്ഷനോടെയാണ് കെ എസ് ആർ ടി സി ബസുകൾ ഓടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പറവൂർ ഡിപ്പോയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ സർവീസുകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ചാത്തനാട്, തത്തപ്പള്ളി, ഗോതുരുത്ത്, പുത്തൻവേലിക്കര നിവാസികൾക്ക് കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനായി അഞ്ച് പുതിയ പ്രിയദർശിനി ഓർഡിനറി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയാണ്. ഇതിനുപുറമേ, മൈസൂരിലേക്ക് രണ്ട് പുതിയ ട്രിപ്പുകളും ആരംഭിച്ചിട്ടുണ്ട്. രാവിലെ 5:30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3:30-നും, ഉച്ചയ്ക്ക് 12:30-ന് പുറപ്പെട്ട് രാത്രി 10:30-നും മൈസൂരിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തൃശൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് മികച്ച ബുക്കിംഗാണ് ഈ സർവീസുകൾക്ക് ലഭിക്കുന്നത്.

പുതിയ അന്തർസംസ്ഥാന പാക്കേജുകളും വരാനിരിക്കുന്നുണ്ട്. ഒക്ടോബർ 23 ന് പളനി, മധുര എന്നിവിടങ്ങളിലേക്ക് പുതിയ ബസ് സർവീസുകൾ ആരംഭിക്കും. ഒക്ടോബർ 31 ന് വേളാങ്കണ്ണിയിലേക്ക് സർവീസ് ആരംഭിക്കും. പറവൂരിൽ നിന്നും എയർപോർട്ട് വഴി ഫ്ലൈറ്റിൽ ലക്ഷദ്വീപിലെത്തിച്ച് താമസവും ഭക്ഷണവും നൽകി തിരിച്ചെത്തിക്കുന്ന ലക്ഷദ്വീപ് ടൂറിസം പാക്കേജും തയ്യാറാക്കിയിട്ടുണ്ട്. നവംബർ 4-ലെ ആദ്യ ബാച്ച് പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു; അടുത്ത ബാച്ച് ജനുവരി മൂന്നിന് ആരംഭിക്കും.

പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനായി നാലു കോടി രൂപ ചെലവിൽ 5000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആദ്യഘട്ട ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം ഉടൻ പൂർത്തിയാകും. തുടർന്ന് രണ്ടാം നിലയുടെ നിർമ്മാണത്തിനായി തുക അനുവദിക്കുകയും ആകെ 10 കോടി രൂപ ചെലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കുകയും ചെയ്യും. കൂടാതെ യാത്രക്കാർക്കായി എയർ കണ്ടീഷൻ ചെയ്ത പ്രത്യേക കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങി നൽകാൻ സ്വകാര്യ വ്യക്തികളും സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. 40 ലക്ഷം രൂപ വീതം നൽകി മൂന്നുപേർ ഇതിനോടകം ബസുകൾ വാങ്ങിനൽകിയതായും, നവ്യ ബേക്കറി ഉടമ ഉൾപ്പെടെയുള്ളവർ പുതിയ ബസുകൾ നൽകാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ എം.എൽ.എ ഫണ്ടിൽ നിന്നും ബസുകൾ നൽകാൻ 33 എം.എൽ.എമാർ അനുമതി നൽകിയിട്ടുണ്ടെന്നും, പൊതുജനങ്ങളുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോർത്ത് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ എസ് ആർ ടി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി. എസ്. പ്രമോജ് ശങ്കർ,നഗരസഭാ വൈസ് ചെയർപേഴ്സൺ ഷെർലി ബെനറ്റ്,വാർഡ് കൗൺസിലർ നന്ദിനി രമേഷ്, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News