Enter your Email Address to subscribe to our newsletters

Chennai, 04 ഒക്റ്റോബര്‍ (H.S.)
രാഷ്ട്രീയത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളും മോശം പരാമര്‍ശങ്ങളും അനുവദിക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വിജയ് വ്യക്തമാക്കി. തിരുപ്പൂര്‍ ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ധാരാപുരത്ത് നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് ഡി.എം.കെ നേതാക്കള്‍ നടത്തുന്നതെന്ന് വിജയ് ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
''എന്നെക്കുറിച്ച് എന്തും പറഞ്ഞുകൊള്ളൂ. അതെല്ലാം ഞാന്‍ സഹിക്കും. എന്നാല്‍ നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും എതിരെ സംസാരിച്ചാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല,'' വിജയ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നുവെന്നും വിജയ് ചൂണ്ടിക്കാട്ടി. തന്റെ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രമുള്ളതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിവികെ ധാരാപുരം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പി. സത്യബാമയ്ക്കെതിരെ ഡിഎംകെ അധ്യക്ഷന്‍ എം. കെ. സ്റ്റാലിന്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമര്‍ശങ്ങളെയും വിജയ് വിമര്‍ശിച്ചു. സ്റ്റാലിന്റെ പ്രസംഗം സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ളതും ശരീരത്തെ അധിക്ഷേപിക്കുന്നതുമാണെന്ന് വിജയ്യും പാര്‍ട്ടി നേതാക്കളും ആരോപിച്ചു.
''നമ്മുടെ സഹോദരി സത്യബാമയ്ക്കെതിരെ നടത്തിയ പ്രസംഗം എത്രത്തോളം മോശമായിരുന്നു. കേള്‍ക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു അത്. സ്റ്റാലിന്‍ മാത്രമാണോ ഇങ്ങനെ സംസാരിക്കുന്നത്? അദ്ദേഹം വളര്‍ത്തിയെടുത്ത എല്ലാവരും ഇതേ വിലകുറഞ്ഞ ഭാഷയാണ് ഉപയോഗിക്കുന്നത്,'' വിജയ് ആരോപിച്ചു. അശ്ലീലതയും സ്ത്രീവിരുദ്ധതയും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ശൈലിയെന്നും ഇതിനെതിരെ വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കുമെന്നും വിജയ് വ്യക്തമാക്കി.
അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എം. ജി. രാമചന്ദ്രനെ പരാമര്‍ശിച്ച്, ''ഇത് എംജിആറിന്റെ കാലഘട്ടത്തിലേക്കുള്ള തിരിച്ചുവരവാണ്'' എന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S