Enter your Email Address to subscribe to our newsletters

New delhi, 04 ഒക്റ്റോബര്‍ (H.S.)
യുക്രെയ്നില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ വംശജരുടെ കുസും ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ ഫാക്ടറിക്ക് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. യുക്രെയ്നിലെ സുമിയിലുള്ള വന്‍കിട ഫാര്‍മ പ്ലാന്റിന് നേരെയാണ് കനത്ത ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രധാന ഘടനയും കെട്ടിടങ്ങളും റഷ്യന്‍ ഡ്രോണ്‍ പതിച്ച് പൂര്‍ണമായും തകര്‍ന്നു. കനത്ത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് വലിയതോതില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
1994-ല്‍ ഇന്ത്യന്‍ മരുന്നുകള്‍ യുക്രെയ്നിലേക്ക് കയറ്റി അയക്കുന്ന വിതരണക്കാരായിട്ടാണ് കുസും ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സ്വന്തമായി ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങിയ കമ്പനി, 2007-ല്‍ ഇന്ത്യയിലും 2009-ല്‍ യുക്രെയ്നിലെ സുമിയിലും ഉത്പാദന യൂണിറ്റുകള്‍ ആരംഭിച്ചു. നിലവില്‍ ഇന്ത്യന്‍ വംശജന്‍ ആയ രാജീവ് ഗുപ്തയാണ് ഈ സ്ഥാപനം നയിക്കുന്നത്. ഇന്ത്യയിലും യുക്രെയ്നിലുമായി നിരവധി നിര്‍മാണ പ്ലാന്റുകള്‍ ഈ ഗ്രൂപ്പിനുണ്ട്. പ്രധാനമായും ജനറിക് മരുന്നുകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്.
യുക്രെയ്ന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങി ഒമ്പതിലധികം രാജ്യങ്ങളിലേക്ക് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടയിലും സുമിയിലെ പ്ലാന്റ് തടസങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, പുതിയ ആക്രമണത്തോടെ ഫാക്ടറിക്ക് കനത്ത ആഘാതമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കമ്പനിക്ക് ഏകദേശം 400 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. യുക്രേനിയന്‍ വേരുകളുള്ള ഒരു ഇന്ത്യന്‍ കമ്പനിയായാണ് കുസും ഗ്രൂപ്പ് സ്വയം വിശേഷിപ്പിക്കുന്നത്.
റഷ്യന്‍ ആക്രമണത്തെ യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി എക്സ് പ്ലാറ്റഫോമിലൂടെ ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തി. സുമിയിലെ സാധാരണ ഫാര്‍മസ്യൂട്ടിക്കല്‍ വെയര്‍ഹൗസിന് നേരെയാണ് റഷ്യ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിനുപുറമെ, കീവിലെ പിവ്നിച്നി പാലത്തിന് നേരെയും ഡിപ്രോയിലെ കമ്മ്യൂണിക്കേഷന്‍ ഫെസിലിറ്റിക്ക് നേരെയും റഷ്യന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഡിപ്രോയിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വേഗതയേറിയതും താരതമ്യേന വിലകുറഞ്ഞതുമായ ഷാഹെദ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് മോസ്‌കോ ഉക്രെയ്നില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടപ്പിലാക്കുന്നത്. യുക്രെയ്നിന്റെ വ്യോമ പ്രതിരോധ സേന ഇതിനെ ചെറുക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
---------------
Hindusthan Samachar / Sreejith S