Enter your Email Address to subscribe to our newsletters

Deradoon, 04 ഒക്റ്റോബര്‍ (H.S.)
തലസ്ഥാനമായ ഡെറാഡൂണിന് പുറത്ത് പുറത്ത് മന്ത്രിസഭാ യോഗം ചേര്‍ന്ന് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍., ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചമ്പാവത്ത് ജില്ലയിലെ ബന്‍ബാസയിലുള്ള എന്‍എച്ച്പിസി (NHPC) കോംപ്ലക്സില്‍ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അധ്യക്ഷത വഹിച്ചു. ആദ്യമായാണ് തലസ്ഥാനത്തിന് പുറത്ത് സംസ്ഥാന മന്ത്രിസഭാ യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.
സംസ്ഥാനത്തിലെ വിദൂര-അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ഭരണസംവിധാനത്തെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. മന്ത്രിസഭാ യോഗങ്ങള്‍ ഇനി ഡെറാഡൂണില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നും സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളില്‍ നടത്തുമെന്നും മുഖ്യമന്ത്രി ധാമി പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങള്‍, വികസന സാധ്യതകള്‍, പ്രാദേശിക മുന്‍ഗണനകള്‍ എന്നിവ നേരിട്ട് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇത് അവസരമൊരുക്കും.
അതിര്‍ത്തി പ്രദേശങ്ങള്‍ സംസ്ഥാനത്തിന്റെ കേവലം ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ല മറിച്ച് സുരക്ഷ, സംസ്‌കാരം, വികസനം എന്നിവയുടെ സുപ്രധാന കണ്ണികള്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍, ടൂറിസം, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തി ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ വികസനത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഭരണസംവിധാനത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രിസഭാ യോഗങ്ങള്‍ ചേരുന്നത് പ്രാദേശിക സാഹചര്യങ്ങള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍, വികസന ആവശ്യങ്ങള്‍ എന്നിവ നന്നായി മനസിലാക്കാനും ഈ വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും സര്‍ക്കാരിനെ സഹായിക്കും. ഉത്തരാഖണ്ഡിലെ എല്ലാ മേഖലകളിലും സന്തുലിതമായ വികസനം ഉറപ്പാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങള്‍ മുതല്‍ സമതല പ്രദേശങ്ങള്‍ വരെ ഒരേ വേഗതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനുമുമ്പ് വെള്ളിയാഴ്ച, ഡെറാഡൂണിലെ കുവാന്‍വാലയിലുള്ള ഹോട്ടല്‍ ലെ-ഓവലില്‍ നടന്ന യോഗത്തില്‍ ബിജെപി സംസ്ഥാന മോര്‍ച്ചാ ഭാരവാഹികള്‍, ജില്ലാ മോര്‍ച്ച പ്രസിഡന്റുമാര്‍, സംസ്ഥാന സെല്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍, സഹ-കോര്‍ഡിനേറ്റര്‍മാര്‍, വിവിധ സെല്ലുകളുടെ സംസ്ഥാന കണ്‍വീനര്‍മാര്‍ എന്നിവരോടൊപ്പം ധാമിയും പങ്കെടുത്തിരുന്നു.
കൂടാതെ, പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ചുമതല വഹിക്കുന്ന വ്യക്തിയെ തെരഞ്ഞെടുത്തതിനും മറ്റ് സംഘടനാ നേതാക്കളെ നിയമിച്ചതിനേയും അദ്ദേഹം സ്വാഗതം ചെയ്തു. ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ മഹേന്ദ്ര ഭട്ടിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പുതുതായി നിയമിതരായ സംസ്ഥാന ചുമതലയുള്ള നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രാം മാധവ്, സഹ-ചുമതലക്കാരായ അരവിന്ദ് മേനോന്‍, ബന്‍സുരി സ്വരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി (സംഘടന) ഫണിന്ദ്രനാഥ് ശര്‍മ്മ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
യോഗത്തിന് ശേഷം സംസാരിക്കവെ, പുതുതായി നിയമിതരായ നേതാക്കളുടെ സംഘടനാപരമായ അനുഭവസമ്പത്തിനെ മുഖ്യമന്ത്രി ധാമി പ്രശംസിച്ചു. ഇവരുടെ മാര്‍ഗനിര്‍ദേശം ഉത്തരാഖണ്ഡിലെ ബിജെപി സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ഊര്‍ജ്ജം പകരുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S