Enter your Email Address to subscribe to our newsletters

New delhi, 04 ഒക്റ്റോബര്‍ (H.S.)
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ ലൈംഗിക അതിക്രമം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ തങ്ങളെ കയ്യേറ്റം ചെയ്യുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പരാതി.
ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടയില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് തനിക്ക് നേരെ അതിക്രമമുണ്ടായതെന്ന് ഒരു വനിതാ മാധ്യമപ്രവര്‍ത്തക വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. തടയാന്‍ ശ്രമിച്ച എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്നെ അപമാനിച്ചെന്നും, എന്നാല്‍ പരാതി നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പരാതികളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് നിരവധി ആക്ടിവിസ്റ്റുകളും പ്രതിഷേധക്കാരും പത്രപ്രവര്‍ത്തകരും പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചു. പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീക്കെതിരെ കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെട്ടാല്‍, പരാതി മറ്റേതൊരു ക്രിമിനല്‍ പരാതി പോലെ തന്നെ പരിഗണിക്കണമെന്നും നിയമപ്രകാരം നടപടിയെടുക്കണമെന്നും അവര്‍ വാദിച്ചു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പൊലീസ് പെരുമാറിയതില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ നിരാശ പ്രകടിപ്പിക്കുകയും പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. 'ഒരു ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള പെരുമാറ്റം സാധാരണ നിലയിലാക്കാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി, ഭയമില്ലാതെ പ്രവര്‍ത്തിക്കാനും, വിവിധ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഒത്തുകൂടുന്നവരെ രേഖപ്പെടുത്താനും അനുവദിക്കണം. ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പോലും ഇത് അനുവദിക്കപ്പെടുന്നില്ല എന്നത് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പാതയ്ക്ക് നല്ല സൂചന നല്‍കുന്നില്ല,' എന്ന് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. 'അമിത് ഷാ ജീ, നിങ്ങള്‍ എവിടെയാണ്? ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്ന്' അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറാകാത്ത പൊലീസിന്റെ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സുപ്രധാന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍ എന്നിവരും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയും വിവാദങ്ങളും നിലനില്‍ക്കെയാണ് ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നത്.
---------------
Hindusthan Samachar / Sreejith S