Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുസ്ലിം എംകെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ. ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുക്കാതിരുന്നതിന് വ്യക്തമായ വിശദീകരണം ഇരു കൂട്ടരും ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെ വിവിധ സർക്കാരുകളിൽ സുപ്രധാന ചുമതലകൾ വഹിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാർ. യുപിഎ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വകുപ്പിലും അദ്ദേഹം പ്രധാനപ്പെട്ട ചുമതല വഹിച്ചിരുന്നു. ആവശ്യമായ ക്ലിയറൻസുകളും വിവിധ ഘട്ടങ്ങളിൽ ലഭിച്ചിട്ടുണ്ട്. ഇത്രയും കാലം കണ്ടെത്താൻ കഴിയാതിരുന്ന കാര്യങ്ങൾ ഇപ്പോൾ പെട്ടെന്ന് കണ്ടെത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കണം. സംഭവത്തിൽ അന്ന് മന്ത്രിയായിരുന്ന എം കെ മുനീറിന്റെ പങ്കിനെപ്പറ്റിയും പരാതി പൂഴ്ത്തി വെച്ച തുടർ സർക്കാരുകളെപ്പറ്റിയും അന്വേഷണം നടത്തണം.
ഇഡി നൽകിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ സർക്കാർ സ്വീകരിച്ച നടപടികളും തേടിയ നിയമോപദേശങ്ങളും പുറത്തുവിടണം. വിജിലൻസ് അന്വേഷണം നടത്തേണ്ട വിഷയത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനുള്ള നീക്കം സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഗ്യാനേഷ് കുമാറായാലും പിണറായി വിജയനായാലും എം.കെ. മുനീറായാലും നിയമത്തിന് മുന്നിൽ വരണം. നിയമനടപടികളിൽ ഇരട്ടനീതി പാടില്ല. ഇരുപത് വർഷം പഴക്കമുള്ള കേസിൽ ഇപ്പോൾ അന്വേഷണം നടത്തുമ്പോൾ ബന്ധപ്പെട്ട എല്ലാവരെയും ഒരേ മാനദണ്ഡത്തിൽ പരിശോധിക്കണം.
അതേസമയം
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസം പിന്നിട്ടിട്ടും ജനങ്ങൾക്ക് ലഭിച്ച ഭരണനേട്ടം എന്താണെന്ന ചോദ്യത്തിന് സർക്കാരിന് മറുപടി നൽകാനില്ലെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു. ആകെ നേട്ടമുണ്ടായത് മുസ്ലിം ലീഗിന് മാത്രമാണ്. അവർക്ക് ആറ് ക്യാബിനറ്റ് പദവികൾ ലഭിച്ചു
വൈദ്യുതി പ്രതിസന്ധി, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, പകർച്ചവ്യാധികളെ നേരിടുന്നതിലെ ആശങ്കകൾ എന്നിവയാണ് ജനങ്ങൾ നേരിടുന്നത്. സെപ്റ്റംബറിൽ കെഎംഎസ്‌സിഎൽ ഗോഡൗണുകളിലെ മരുന്ന് ക്ഷാമവും പുനർടെൻഡർ നടപടികളിലെ കാലതാമസവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ജനങ്ങൾക്ക് വൈദ്യുതിയും മരുന്നും വിലക്കയറ്റത്തിൽ ആശ്വാസവും വേണം. പകർച്ചവ്യാധികളെ നേരിടാൻ കാര്യക്ഷമമായ സംവിധാനവും വേണം. ജനങ്ങൾക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല.
ജനക്ഷേമ തീരുമാനങ്ങൾക്ക് പകരം മുന്നണി രാഷ്ട്രീയത്തിലെ അധികാരം പങ്കുവെക്കൽ മാത്രമാണ് നടക്കുന്നത്
21 അംഗ മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ട്. അതിന് പുറമെ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി കാബിനറ്റ് റാങ്കോടെ നിയമിച്ചതോടെ ലീഗിന് ആറാമത്തെ കാബിനറ്റ് റാങ്കും ലഭിച്ചു.
നിലപാടുകളുടെ രാജകുമാരൻ എന്ന സ്വയം വിശേഷിപ്പിക്കുന്ന വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം സംവിധാനങ്ങൾ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ നിലപാട്. കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയുടെ നിയമനത്തെയും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി അദ്ദേഹം എതിർത്തിരുന്നു.
എന്നാൽ അധികാരത്തിലെത്തിയപ്പോൾ അന്ന് എതിർത്ത അതേ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാന് കാബിനറ്റ് റാങ്ക് നൽകുകയും കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയെ നിയമിക്കുകയും ചെയ്തു.
വി.ഡി. സതീശന്റെ നിലപാടുകൾ ഇന്ന് എവിടെയാണ്? അധികാരത്തിലെത്തുമ്പോൾ നിലപാടുകൾ മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും ഗോപകുമാർ പറഞ്ഞു.
കൊടിയുടെ നിറത്തിൽ മാത്രമാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. പൊതുഖജനാവിനെ ബാധിക്കുന്ന തീരുമാനങ്ങളിലും ജനവിരുദ്ധ നടപടികളിലും ഇരു സർക്കാരുകളും തമ്മിൽ വ്യത്യാസമില്ല രണ്ടും ഒന്നുതന്നെ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പുതുയുഗ കേരളം വാഗ്ദാനം ചെയ്ത സർക്കാർ അഞ്ച് മാസം പിന്നിട്ടപ്പോൾ ജനങ്ങൾക്ക് മുന്നിൽവെക്കാൻ കഴിയുന്നത് എന്താണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം. കേരളത്തിന്റെ അടിസ്ഥാന ജനകീയ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും ബി.ബി. ഗോപകുമാർ എംഎൽഎ കൂട്ടിച്ചേർത്തു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S