Enter your Email Address to subscribe to our newsletters

New delhi, ഒക്ടോബർ 5:
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരെ മർദ്ദിച്ചതിനെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പി. സി. ഐ) ശക്തമായി അപലപിച്ചു.
പരാതികളിൽ വേഗത്തിൽ നടപടിയെടുക്കണമെന്ന് പി. സി. ഐ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ ഏകപക്ഷീയമായി തടയുന്നത് ജനാധിപത്യത്തിൽ അസ്വീകാര്യമാണ്. വിവരങ്ങളൊന്നും പുറത്താകാതിരിക്കാനായി പ്രതിഷേധ സ്ഥലത്തിന് ചുറ്റുമുള്ള ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചതിനെ പിസിഐ വിമർശിക്കുകയും ചെയ്തു
.
വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അന്വേഷണം ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ, മാധ്യമപ്രവർത്തകരുടെയും ദൃക്സാക്ഷികളുടെയും വീഡിയോകൾ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ രേഖകൾ എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നേരത്തെ, എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യാനുള്ള കാലതാമസത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകളും പ്രവർത്തകരും മാധ്യമപ്രവർത്തകരും ഞായറാഴ്ച രാത്രി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
എസ്. ഐ. ആർ പ്രക്രിയയ്ക്ക് കീഴിൽ അർഹരായ ധാരാളം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതായി പ്രതിപക്ഷ പാർട്ടികളും പൗരസംഘങ്ങളും ആരോപിക്കുന്നു. ആം ആദ്മി പാർട്ടി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുൾപ്പെടെ പ്രമുഖ ആക്ടിവിസ്റ്റുകളെയും നിരവധി പ്രതിഷേധക്കാരെയും പ്രക്ഷോഭത്തിനിടെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ജന്തർ മന്തറിലെ നിരവധി പോലീസുകാർ യൂണിഫോമിൽ നെയിം ടാഗ് ധരിക്കാത്തതിനെക്കുറിച്ചും പുതിയ വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ജൂലൈ 20ലെ പ്രതിഷേധത്തിന് ശേഷം പോലീസുകാരെയും അവരുടെ കുടുംബങ്ങളെയും സോഷ്യൽ മീഡിയയിൽ ലക്ഷ്യമിടുന്നതിൽ നിന്നും ട്രോളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് ബോധപൂർവമായ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, പോലീസിന്റെ നടപടി സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിഷേധക്കാരും നിയമ വിദഗ്ധരും പറഞ്ഞു.
--------
Hindusthan Samachar / Sreejith S