മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കലാപക്കൊടി; എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്
Newdelhi , 05 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തിൽ അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിൽ രേഖാമൂലം പരാതി നൽകി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കലാപക്കൊടി; എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്


Newdelhi , 05 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തിൽ അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിൽ രേഖാമൂലം പരാതി നൽകി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിന് തുടക്കമിട്ടുകൊണ്ട് ഡൽഹിയിലെത്തിയ അദ്ദേഹം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽക്കണ്ടാണ് ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി കൈമാറിയത്. സർക്കാരിലെയും മുന്നണിയിലെയും ഏകാധിപത്യ പ്രവണതകളും ഘടകകക്ഷികളെയും പാർട്ടിയിലെ മുതിർന്ന നേതാക്കളെയും വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനങ്ങളുമാണ് പരാതിക്ക് പിന്നിലെന്നാണ് സൂചന.

സംസ്ഥാനത്തെ ഭരണനേതൃത്വത്തിനെതിരെ യു.ഡി.എഫ് കൺവീനർ തന്നെ പരസ്യമായി പടയൊരുക്കം തുടങ്ങിയതോടെ വിഷയം ഗൗരവത്തോടെയാണ് ഹൈക്കമാൻഡ് നോക്കിക്കാണുന്നത്. ഡൽഹിയിലുള്ള കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ധരിപ്പിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങൾ എ.ഐ.സി.സി നേതൃത്വം വിശദമായി പരിശോധിക്കുമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും ഇരുവരും നേരിൽക്കണ്ട് പരാതിയിലെ കാതലായ വിഷയങ്ങൾ ധരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന അടൂർ പ്രകാശുമായി കേരള കോൺഗ്രസ് (ജേക്കബ്) നേതാവും മന്ത്രിയുമായ അനൂപ് ജേക്കബ് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കടുത്ത അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യു.ഡി.എഫിലെ മറ്റ് പ്രമുഖ ഘടകകക്ഷികൾക്കും സർക്കാരിന്റെ പ്രവർത്തന ശൈലിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകൾക്ക് ആക്കം കൂട്ടുന്നതാണ് ഈ കൂടിക്കാഴ്ച. മുന്നണി യോഗങ്ങൾ പേരിനു മാത്രം ചേരുകയും സുപ്രധാന നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന ആക്ഷേപം ഘടകകക്ഷികൾക്കിടയിലും പുകയുന്നുണ്ട്.

ലോക്സഭാ-നിയമസഭാ സാഹചര്യങ്ങൾ നിലനിൽക്കെ ഭരണതലപ്പത്തുനിന്നുണ്ടായ ഈ പടലപ്പിണക്കം കേരളത്തിലെ യു.ഡി.എഫ് സർക്കാരിന് കനത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ചില തീരുമാനങ്ങളാണ് അടൂർ പ്രകാശിനെ ചൊടിപ്പിച്ചതെന്നും, പദവി രാജിവെക്കുമെന്ന സൂചന നൽകിയാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കമാൻഡ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സമവായ ചർച്ചകൾക്ക് മുതിർന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

---------------

Hindusthan Samachar / Roshith K


Latest News