സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലർട്ട്; മലയോര-തീരദേശ മേഖലകളിൽ അതീവ ജാഗ്രത
Kerala, 05 ഒക്റ്റോബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലർട്ട്; മലയോര-തീരദേശ മേഖലകളിൽ അതീവ ജാഗ്രത


Kerala, 05 ഒക്റ്റോബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തുലാവർഷത്തിന് മുന്നോടിയായുള്ള അന്തരീക്ഷ മാറ്റങ്ങളും പ്രാദേശികമായ കാറ്റിന്റെ ഗതിയുമാണ് സംസ്ഥാനത്ത് മഴ സജീവമാക്കുന്നത്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത കാണുന്നത്. തെക്കൻ ജില്ലകളിൽ പത്തനംതിട്ടയിൽ മാത്രമാണ് നിലവിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. തലസ്ഥാനമായ തിരുവനന്തപുരം അടക്കമുള്ള തെക്കൻ പ്രദേശങ്ങളിൽ കാര്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയും ജലസംഭരണികളിലെ ജലനിരപ്പ് കുറവും നിലനിൽക്കുന്ന സാഹചര്യത്തിൽ മഴയെത്തുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴ ദുരന്തസാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.

സമീപകാലത്തായി കണ്ടുവരുന്നതുപോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്ന 'തീവ്രമഴ' പ്രതിഭാസത്തിനാണ് സാധ്യത കൂടുതൽ. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത് മലയോര മേഖലകളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായേക്കാം. അതിനാൽ മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണം. ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശമുണ്ട്. തീരദേശ മേഖലകളിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലർത്തേണ്ടതുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ താലൂക്ക് കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളും റവന്യൂ വകുപ്പും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നദികളിലും ജലാശയങ്ങളിലും പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News