Enter your Email Address to subscribe to our newsletters

Kochi, 05 ഒക്റ്റോബര്‍ (H.S.)
കേരള പബ്ലിക് സര്‍വീസ് കമ്മിഷനെതിരെ അതിരൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷണം വേണ്ടേ എന്നും, പ്രഥമദൃഷ്ട്യാ തന്നെ ഇതൊരു അഴിമതിയല്ലേ എന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പിഎസ്സിയുടെ ആവശ്യവും കോടതി തള്ളി.
ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ 58 ചോദ്യങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും കോടതിയുടെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇത്രയധികം ചോദ്യങ്ങള്‍ എങ്ങനെയാണ് മാറ്റിയതെന്നും ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് പിഎസ്സി ഉദ്യോഗസ്ഥര്‍ക്കും ചില ഉദ്യോഗാര്‍ഥികള്‍ക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നായിരുന്നു അവരുടെ പ്രധാന വാദം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നും പിഎസ്സി വാദിച്ചു.
ി
എന്നാല്‍ പിഎസ്സിയുടെ വാദങ്ങളെ കോടതി രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താത്ത നടപടി വെറുമൊരു സാങ്കേതിക പിഴവോ ക്ലറിക്കല്‍ മിസ്റ്റേക്കോ ആണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യതയും ഭാവിയും സ്വപ്നങ്ങളുമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. അതുകൊണ്ടുതന്നെ ഇതൊരു വലിയ അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷണം നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. കുറ്റവാളികളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും പിഎസ്സി ആവശ്യപ്പെട്ടു.
അന്വേഷണം തടയാന്‍ കോടതി വിസമ്മതിച്ചു. ഭരണഘടനാ സ്ഥാപനത്തില്‍ ഇത്ര വലിയ അഴിമതി നടക്കുമ്പോള്‍ അന്വേഷണം പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, നിയമപ്രകാരം റിട്ട് ഹര്‍ജിയാണോ അതോ ക്രിമിനല്‍ ഹര്‍ജിയാണോ നല്‍കേണ്ടത് എന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സിംഗിള്‍ ബെഞ്ച് പരിശോധന തുടരുകയാണ്.
പിഎസ്സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എടുത്തുപറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ ആശ്രയമായ ഒരു സ്ഥാപനത്തില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്നത് ഗൗരവമുള്ള വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് പഠിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന അനീതിയാണിതെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S