മെസി വിവാദ തട്ടിപ്പ്: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതി ചേർത്തേക്കും; ഗൂഢാലോചനയിൽ പങ്കെന്ന് എസ്.ഐ.ടി
Thiruvananthapuram , 05 ഒക്റ്റോബര് (H.S.) തിരുവനന്തപുരം: ലോകഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക്. സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗ
മെസി വിവാദ തട്ടിപ്പ്: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതി ചേർത്തേക്കും; ഗൂഢാലോചനയിൽ പങ്കെന്ന് എസ്.ഐ.ടി


Thiruvananthapuram , 05 ഒക്റ്റോബര് (H.S.)

തിരുവനന്തപുരം: ലോകഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക്. സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു. ഷറഫലിയെയും കേസിൽ പ്രതി ചേർത്തേക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഷറഫലിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിവാദ കരാറിൽ ഒപ്പുവെച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് യു. ഷറഫലിക്കെതിരെയുള്ള നിർണായക വിവരങ്ങളുള്ളത്. കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനു പുറമെ, ഷറഫലിയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി എസ്.ഐ.ടി വിലയിരുത്തുന്നു. സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറിലാണ് ഷറഫലി സാക്ഷിയായി ഒപ്പിട്ടത്. എന്നാൽ, കായിക രംഗത്തെ പരമോന്നത സമിതിയുടെ തലപ്പത്തിരുന്ന വ്യക്തി ഇത്തരമൊരു കരാറിൽ പങ്കാളിയായത് സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ലഭ്യമാക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് താൻ കേവലം ഒരു സാക്ഷിയായി മാത്രമാണ് ഒപ്പിട്ടതെന്നായിരുന്നു ഷറഫലിയുടെ പ്രധാന വാദം. ഇതിൽ സ്പോർട്സ് കൗൺസിലിന് പങ്കില്ലെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ സ്പോൺസർഷിപ്പ് നിബന്ധനകളെക്കുറിച്ചോ അറിയാതെ ഔദ്യോഗിക പദവിയിലുള്ള ഒരാൾ ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് പോലീസ്. കൂടാതെ മുൻ മന്ത്രി വി. അബ്ദുറഹിമാൻ നൽകിയ മൊഴികളുമായി ഷറഫലിയുടെ വിശദീകരണങ്ങൾ ഒത്തുപോകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ. ഇതിന്റെ ഭാഗമായി എസ്.ഐ.ടി നൽകിയ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ ഷറഫലിയെയും മുൻ മന്ത്രിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കും. സംസ്ഥാനത്തെ കായികപ്രേമികളെ കബളിപ്പിച്ച് കോടികളുടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളിൽ പ്രമുഖ കായികതാരം തന്നെ നിയമക്കുരുക്കിലേക്ക് നീങ്ങുന്നത് കേരള കായികരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News