Enter your Email Address to subscribe to our newsletters

Newdelhi , 06 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന തരത്തിൽ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പൽവൽ സ്വദേശിയായ നദീം അഹമ്മദ് (24) ആണ് പോലീസിന്റെ പിടിയിലായത്. മേവാത്ത് മേഖലയിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്ദിറിൽ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) വിവേക് ഭഗത് വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന രീതിയിലായിരുന്നു ഇയാൾ എഐ നിർമിത വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾക്ക് സമാനമായ രീതിയിൽ കൃത്രിമമായി തയ്യാറാക്കിയ വീഡിയോയിൽ പോലീസുകാരന്റെ വേഷത്തിലുള്ള ഒരാൾ വനിതയോട് അപമര്യാദയായി പെരുമാറുന്നതും, ഒപ്പം വിവേക് ഭഗതിന്റെ ചിത്രവും ഔദ്യോഗിക പദവിയും പ്രദർശിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.
ഇൻസ്റ്റാഗ്രാമിൽ 'ന്യൂസ് ആയിന' എന്ന പേരിൽ ഏകദേശം 24,000 ഫോളോവേഴ്സുള്ള ഒരു ന്യൂസ് ഹാൻഡിൽ നടത്തിവരികയായിരുന്ന നദീം അഹമ്മദ്, സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചതെന്ന് ന്യൂഡൽഹി അഡീഷണൽ ഡിസിപി മഞ്ജീത് ഷിയോറാൻ വ്യക്തമാക്കി. പത്താം ക്ലാസ് പൂർത്തിയാക്കാത്ത ഇയാൾ സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്ന പേരിലാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് വ്യാജ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ഉള്ളടക്കങ്ങളും ഇൻസ്റ്റാഗ്രാം ലോഗിൻ വിവരങ്ങളും കണ്ടെടുത്തു. ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ക്രമസമാധാന നില തകർക്കുക, കലാപമുണ്ടാക്കാൻ പ്രേരിപ്പിക്കുക, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമോ ഗൂഢാലോചനയോ സാമ്പത്തിക ഇടപാടുകളോ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ നൽകിയ ലൈംഗികാതിക്രമ പരാതികളിൽ ക്രൈംബ്രാഞ്ച് സംഘം പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്. ഈ പരാതികളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ, എസിപി വിവേക് ഭഗതിന് നൽകിയിരുന്ന അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (അഡീഷണൽ ഡിസിപി) ചുമതല താൽക്കാലികമായി ഡൽഹി സർക്കാർ മരവിപ്പിച്ചു. തനിക്കെതിരായ അന്വേഷണം പൂർത്തിയാകുന്നതുവരെ അധിക ചുമതല ഏറ്റെടുക്കാനില്ലെന്ന് വിവേക് ഭഗത് സർക്കാരിനെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
---------------
Hindusthan Samachar / Roshith K