Enter your Email Address to subscribe to our newsletters

Newdelhi , 06 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നിർണായക രാഷ്ട്രീയ വഴിത്തിരിവ്. ഇന്ത്യാ മുന്നണിയിൽ ഔദ്യോഗികമായി അംഗമല്ലാത്ത ബിജു ജനതാദൾ (ബിജെഡി) പാർലമെന്റ് അംഗങ്ങൾ മാർച്ചിൽ അണിനിരന്നത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടി. ഇന്ത്യാ മുന്നണിയുടെ പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഒഡീഷ മുൻ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീൻ പട്നായിക്കിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നന്ദി രേഖപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി എംപിമാർ നിർവാചൻ സദനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് ബിജെഡി എംപിമാരായ മാനസ് മംഗരാജ്, സുലത ദിയോ എന്നിവർ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറോളം പ്രതിപക്ഷ എംപിമാരാണ് പാർലമെന്റിൽ നിന്ന് നിർവാചൻ സദനിലേക്ക് നീങ്ങിയത്. മുന്നണിക്ക് പുറത്തുള്ള ഒരു പ്രാദേശിക കക്ഷി ഇത്തരത്തിൽ പ്രതിഷേധത്തിൽ അണിനിരന്നത് പ്രതിപക്ഷ ഐക്യത്തിന് പുതിയ കരുത്തുപകർന്നു.
നവീൻ പട്നായിക്കുമായി നേരിട്ട് ഫോണിൽ സംസാരിച്ച തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, വിഷയത്തിന്റെ ഗൗരവം മുൻനിർത്തി മാർച്ചിൽ പങ്കുചേരാൻ അദ്ദേഹത്തോട് വ്യക്തിപരമായി അഭ്യർത്ഥിക്കുകയായിരുന്നു. ഈ അഭ്യർത്ഥന മാനിച്ചാണ് തങ്ങളുടെ പ്രതിനിധികളെ പ്രതിഷേധത്തിലേക്ക് അയക്കാൻ ബിജെഡി നേതൃത്വം തീരുമാനിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ട പോരാട്ടത്തിൽ നവീൻ പട്നായിക്കും ബിജെഡിയും നൽകിയ ഐക്യദാർഢ്യം മാതൃകാപരമാണെന്ന് മമതാ ബാനർജി പ്രതികരിച്ചു. ബിജെപിയെ നേരിടാൻ ഇന്ത്യാ മുന്നണിയുടെ പരിധി വിപുലീകരിക്കണമെന്നും നവീൻ പട്നായിക്കിനെ പോലുള്ള നേതാക്കളെ ഒപ്പം നിർത്തണമെന്നും മമത നേരത്തെയും മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
വർഷങ്ങളായി കേന്ദ്രത്തിൽ ബിജെപിയോടും കോൺഗ്രസിനോടും സമദൂരം പാലിച്ചുപോന്നിരുന്ന ബിജെഡിയുടെ ഈ അപ്രതീക്ഷിത രാഷ്ട്രീയ ചുവടുമാറ്റം ദേശീയ തലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഒഡീഷയിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിക്കെതിരെ ശക്തമായ നിലപാടുകളിലേക്ക് ബിജെഡി നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ സംഭവവികാസത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. ഡൽഹി പോലീസിന്റെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ കസ്റ്റഡിയിലെടുത്തപ്പോഴും ബിജെഡി പ്രതിനിധികൾ പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായി നിലയുറപ്പിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K