Enter your Email Address to subscribe to our newsletters

Thiruvananthapuram , 06 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മുൻമന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി അന്വേഷണ സംഘം നോട്ടീസ് അയച്ചു.
വ്യത്യസ്ത തീയതികളിലായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് ഇരുവർക്കും നൽകിയിരിക്കുന്ന നിർദേശം. പ്രാഥമിക ഘട്ടത്തിൽ ഇരുവരെയും പ്രത്യേകം ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവരിൽ നിന്ന് ശേഖരിക്കുന്ന മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവരിലേക്ക് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള തുടർനടപടികൾ വ്യാപിപ്പിക്കേണ്ടതുണ്ടോ എന്ന് അന്വേഷണ സംഘം തീരുമാനിക്കുക.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ വിവരങ്ങളും റിപ്പോർട്ടും സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) കൈമാറിയതിനെ തുടർന്നാണ് സർക്കാർ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ അവിഹിതമായി സമ്പാദിച്ച പണം സുഹൃത്തുക്കൾ വഴി ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന ആരോപണമാണ് പ്രധാനമായും പ്രത്യേക സംഘം പരിശോധിക്കുന്നത്. ഏകദേശം 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും, വീണയുടെ ഡയറിക്കുറിപ്പുകളിൽ ഹസൻ വാരിസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും വിദേശത്തേക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.
നേരത്തെ ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര ഏജൻസി ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് ഇവർ പിന്നീട് ആരോപിച്ചിരുന്നു. ഈ മൊഴിമാറ്റവും സാഹചര്യങ്ങളും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കും. ഇ.ഡി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം, പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷം അഴിമതി നിരോധന നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മുഹമ്മദ് റിയാസും സി.പി.എം നേതൃത്വവും നേരത്തെ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Roshith K