വയനാട് മെഡിക്കൽ കോളേജ് ഭൂമി തർക്കം: യുഡിഎഫിൽ പുകഞ്ഞ് ഭിന്നത; വാർത്താസമ്മേളനത്തിലും വിരുദ്ധ നിലപാടുകളുമായി നേതാക്കൾ
Kalpetta, 06 ഒക്റ്റോബര് (H.S.) കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിനുള്ളിലെ അഭിപ്രായഭിന്നത പരസ്യപ്പോരിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭ പരിപാടികൾ വിശദീകരിക്കാൻ കൽപ്പറ്റയിൽ
വയനാട് മെഡിക്കൽ കോളേജ് ഭൂമി തർക്കം: യുഡിഎഫിൽ പുകഞ്ഞ് ഭിന്നത; വാർത്താസമ്മേളനത്തിലും വിരുദ്ധ നിലപാടുകളുമായി നേതാക്കൾ


Kalpetta, 06 ഒക്റ്റോബര് (H.S.)

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിനുള്ളിലെ അഭിപ്രായഭിന്നത പരസ്യപ്പോരിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭ പരിപാടികൾ വിശദീകരിക്കാൻ കൽപ്പറ്റയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഘടകകക്ഷി നേതാക്കളുടെ പരസ്പരവിരുദ്ധമായ നിലപാടുകൾ വീണ്ടും മറനീക്കി പുറത്തുവന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നേതാക്കൾ വ്യത്യസ്ത നിലപാടുകളിൽ ഉറച്ചുനിന്നതോടെ മുന്നണിക്കുള്ളിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

വയനാട് മെഡിക്കൽ കോളേജ് നിലവിലെ സാഹചര്യത്തിൽ മാനന്തവാടിയിൽ തന്നെ തുടരുമെന്നായിരുന്നു യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപിന്റെ വ്യക്തമായ നിലപാട്. ആശുപത്രി വികസനത്തിന് ആവശ്യമായ ഏറ്റവും അനുയോജ്യമായ ഭൂമി മാനന്തവാടിയിൽ തന്നെ കണ്ടെത്തി അധികം വൈകാതെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സംവിധാനങ്ങൾ തകിടം മറിക്കാതെ മാനന്തവാടിയെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഇതിനെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് യുഡിഎഫ് ജില്ലാ ചെയർമാൻ ടി. മുഹമ്മദ് വാർത്താസമ്മേളനത്തിൽ സ്വീകരിച്ചത്. ജില്ലയുടെ പൊതുവികാരവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ എത്തിച്ചേരാൻ കഴിയുന്ന കേന്ദ്രസ്ഥാനത്താണ് മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം. ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് മടക്കിമലയിൽ സൗജന്യമായി വിട്ടുനൽകിയ അമ്പത് ഏക്കർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണമെന്ന പരോക്ഷ നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. രോഗികൾക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്ന കേന്ദ്രഭാഗത്ത് മെഡിക്കൽ കോളേജ് വരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഒരുവിഭാഗം നേതാക്കൾ.

കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിലും ഈ വിഷയത്തിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. മാനന്തവാടി വേണമെന്ന പ്രാദേശിക വാദവും മടക്കിമലയെ അനുകൂലിക്കുന്ന പൊതുവികാരവും തമ്മിൽ വലിയ തർക്കത്തിനാണ് വേദി ഒരുങ്ങിയത്. അന്നത്തെ യോഗത്തിൽ പരിഹരിക്കപ്പെടാത്ത തർക്കങ്ങളാണ് ഇപ്പോൾ വാർത്താസമ്മേളനത്തിൽ നേതാക്കൾ പരസ്യമായി തുറന്നടിച്ചതിലൂടെ വ്യക്തമാകുന്നത്. വിഷയത്തിൽ മുന്നണിക്കുള്ളിൽ സമവായം കണ്ടെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ജില്ലയിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ വൈകുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കേണ്ട പ്രതിപക്ഷ മുന്നണി സ്വന്തം തട്ടകത്തിലെ തർക്കങ്ങളിൽ കുരുങ്ങി നിൽക്കുന്നത്. മെഡിക്കൽ കോളേജ് വിഷയത്തിൽ മുന്നണിയിൽ ഏകീകൃത രൂപമില്ലാത്തത് വരുംദിവസങ്ങളിൽ യുഡിഎഫിന് രാഷ്ട്രീയമായി വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. സമവായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News