Enter your Email Address to subscribe to our newsletters

Newdelhi , 06 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് ഇന്ത്യാ മുന്നണി എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ കേവലം രാഷ്ട്രീയമായി പ്രതിരോധിക്കുക മാത്രമല്ല, ജനങ്ങളെ അണിനിരത്തി അവരെ തകർത്തെറിയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ മുന്നൂറോളം ലോക്സഭാ, രാജ്യസഭാ എംപിമാരെ നിർവാചൻ സദന് തൊട്ടടുത്തുവെച്ച് ഡൽഹി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു. ജനപ്രതിനിധികളെ റോഡിൽ തടഞ്ഞുവെച്ച പോലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഉൾപ്പെടെയുള്ള നേതാക്കൾ റോഡിലിരുന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന മുന്നൂറോളം എംപിമാരെ കമ്മീഷൻ ആസ്ഥാനത്തിന് വെറും അമ്പത് വാര അകലെ തടഞ്ഞുനിർത്തിയത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു. പാർലമെന്റ് അംഗങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഭയമാണെന്നും ഭരണഘടനാ സ്ഥാപനങ്ങൾ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താൻ വിസമ്മതിക്കുന്ന സാഹചര്യം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ശക്തമായി പോരാടുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ - Special Intensive Revision) ബന്ധപ്പെട്ട് കമ്മീഷൻ നടത്തുന്ന നീക്കങ്ങളിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചാണ് ഇന്ത്യാ മുന്നണി പാർലമെന്റ് അംഗങ്ങൾ മാർച്ചും പ്രതിഷേധവും സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത ഉറപ്പാക്കണമെന്നും കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾ തിരുത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. മാർച്ചിൽ പങ്കെടുത്ത നിരവധി പ്രതിപക്ഷ എംപിമാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Roshith K