നാല് വർഷത്തെ സേവനം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയിലെ ആദ്യ ബാച്ച് അഗ്നിവീറുകൾ നവംബർ 21-ന് സേവനത്തിൽ നിന്ന് വിരമിക്കുന്നു
Newdelhi, 01 നവംബര് (H.S.) ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയിൽ പ്രവേശനം നേടിയ ആദ്യ ബാച്ച് അഗ്നിവീറുകൾ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി 2026 നവംബർ 21-ന് സേവനത്തിൽ നിന്ന് പടിയിറങ്ങുന്നു. ആദ്യ ബാച്ചിൽ സേനയുട
നാല് വർഷത്തെ സേവനം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയിലെ ആദ്യ ബാച്ച് അഗ്നിവീറുകൾ നവംബർ 21-ന് സേവനത്തിൽ നിന്ന് വിരമിക്കുന്നു


Newdelhi, 01 നവംബര് (H.S.)

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയിൽ പ്രവേശനം നേടിയ ആദ്യ ബാച്ച് അഗ്നിവീറുകൾ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി 2026 നവംബർ 21-ന് സേവനത്തിൽ നിന്ന് പടിയിറങ്ങുന്നു. ആദ്യ ബാച്ചിൽ സേനയുടെ ഭാഗമായ ഏകദേശം 2,100 അഗ്നിവീറുകളിൽ 25 ശതമാനം വരുന്ന 550 പേരെ സ്ഥിരപ്പെടുത്തി നാവികസേനയിൽ നിലനിർത്തിയിട്ടുണ്ട്. സേവന കാലാവധി പൂർത്തിയാക്കിയ ബാക്കിയുള്ളവരാണ് നവംബർ 21-ഓടെ സർവീസിൽ നിന്ന് വിരമിക്കുന്നത്.

സാങ്കേതിക വിഭാഗങ്ങൾക്ക് കാലാവധി നീട്ടാൻ സാധ്യത

റിറ്റെൻഷൻ പോളിസി പ്രകാരം നിശ്ചിത ശതമാനം പേരെ സ്ഥിരപ്പെടുത്തിയെങ്കിലും, സേനയുടെ ആവശ്യകതയും നയങ്ങളും കണക്കിലെടുത്ത് സാങ്കേതിക വിഭാഗങ്ങളിലുള്ള (ടെക്നിക്കൽ കാറ്റഗറി) അഗ്നിവീറുകൾക്ക് രണ്ടു വർഷം വരെ കാലാവധി നീട്ടി നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകൾ. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളോ ഉത്തരവുകളോ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പ്രശ്നപരിഹാരത്തിനായി സർക്കാർ വിശദമായ രൂപരേഖ തയ്യാറാക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നാവികസേനയ്ക്ക് പുറമെ കരസേനയിലെയും വ്യോമസേനയിലെയും ആദ്യ ബാച്ച് അഗ്നിവീറുകൾ ഡിസംബർ 31-ഓടെ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി സേവനത്തിൽ നിന്ന് പുറത്തിറങ്ങും. ഡിസംബർ അവസാനത്തോടെ മൂന്ന് സേനകളിൽ നിന്നുമായി 18,000-ലധികം അഗ്നിവീറുകളാണ് സേവനം പൂർത്തിയാക്കി വിരമിക്കുന്നത്.

എന്താണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി?

സായുധ സേനയിലെ സൈനികരുടെ പ്രായപരിധി കുറയ്ക്കാനും ആധുനികവൽക്കരണം വേഗത്തിലാക്കാനുമായി 2022-ലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. പത്ത്, പന്ത്രണ്ട് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയാണ് നാവികസേനയിലേക്ക് തെരഞ്ഞെടുത്തത്. ഒഡീഷയിലെ ഐ.എൻ.എസ് ചിൽക്കയിൽ (INS Chilka) അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ഇവരെ വിവിധ സാങ്കേതിക പരിശീലന കേന്ദ്രങ്ങളിലും യുദ്ധക്കപ്പലുകളിലും എയർ സ്ക്വാഡ്രനുകളിലും വിന്യസിച്ചു.

ആദ്യ വർഷം 30,000 രൂപയായിരുന്ന അഗ്നിവീറുകളുടെ പ്രതിമാസ വേതനം നാലാം വർഷത്തിൽ 40,000 രൂപയായി ഉയർത്തിയിരുന്നു. സേവന കാലാവധിയിലെ മികവ് വിലയിരുത്തിയാണ് 25 ശതമാനം പേരെ സ്ഥിരമായി സേനയിലേക്ക് തെരഞ്ഞെടുത്തത്. നിലനിർത്തപ്പെട്ടവർക്ക് ആധുനിക ആയുധ സംവിധാനങ്ങളും സങ്കീർണ്ണമായ യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നതിന് കൂടുതൽ പരിശീലനം നൽകുകയും സാധാരണ നാവികർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ശമ്പളവും ലഭ്യമാക്കുകയും ചെയ്യും. സേവനം പൂർത്തിയാക്കി പിരിയുന്ന ബാക്കി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താൻ മുൻഗണനയും സേവാ നിധി പാക്കേജും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News