Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 നവംബര് (H.S.)
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ 'മുറസു' രൂപപ്പെട്ടു. ഇന്ത്യയാണ് ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത്. യുദ്ധമൃദംഗം (War Drum) എന്നാണ് മുറസു എന്ന വാക്കിന്റെ അർത്ഥം. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് അടുത്ത രണ്ട് മുതൽ മൂന്ന് ദിവസം വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നവംബർ 2-ന് രാത്രി 11.30 മുതൽ നവംബർ 3-ന് പുലർച്ചെ നാലുമണി വരെയുള്ള സമയത്ത് തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും പരമാവധി 120 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും ലഭിക്കാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും കൂടുതൽ സാധ്യത. ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ച് ദുർബലമായതിനുശേഷം കേരളത്തിൽ ഉച്ചയ്ക്കുശേഷമുള്ള സ്വാഭാവിക ഇടിമിന്നലോടു കൂടിയ തുലാവർഷ മഴ വീണ്ടും സജീവമാകുമെന്നാണ് വിലയിരുത്തൽ.
അതിനിടെ, സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബർ 1-ന് വൈകിട്ട് നാലിന് പുറപ്പെടുവിച്ച നൗകാസ്റ്റ് മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് മുന്നറിയിപ്പ് ബാധകമെന്നും അധികൃതർ വ്യക്തമാക്കി.
ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നാലാം തിയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR