ഗ്യാനേഷ് കുമാർ ജയിലിൽ പോകും; 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വ്യാജമെന്ന് രാഹുൽ ഗാന്ധി: ഇന്ത്യ മുന്നണിയുടെ വൻ റാലി
Newdelhi , 01 നവംബര് (H.S.) ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുമെന്നും അദ്ദേഹം ജയിലിൽ പോകുമെന്നും മുന്നറിയിപ്പ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധവു
ഗ്യാനേഷ് കുമാർ ജയിലിൽ പോകും; 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വ്യാജമെന്ന് രാഹുൽ ഗാന്ധി: ഇന്ത്യ മുന്നണിയുടെ വൻ റാലി


Newdelhi , 01 നവംബര് (H.S.)

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുമെന്നും അദ്ദേഹം ജയിലിൽ പോകുമെന്നും മുന്നറിയിപ്പ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധവും 'മോഷ്ടിക്കപ്പെട്ടതുമാണ്' എന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്ര സർക്കാർ വോട്ടർപട്ടികയിലും ഇവിഎമ്മുകളിലും കൃത്രിമം കാണിച്ച് അനധികൃതമായാണ് അധികാരത്തിലേറിയതെന്നും ആഞ്ഞടിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും വിവാദപരമായ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരെയും (SIR) പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) മുന്നണി ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ 15 ശതമാനത്തോളം വോട്ടർമാരെ (ഏകദേശം 13.3 കോടി വോട്ടർമാർ) വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി രാഹുൽ ഗാന്ധി അവകാശപ്പെട്ടു. രാജ്യത്തെ ഏഴിൽ ഒരാളുടെ വോട്ടവകാശം കവർന്നെടുക്കപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും തമ്മിൽ വോട്ട് വിഹിതത്തിൽ വെറും 3 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്നും, ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ട് തട്ടിയെടുത്താണ് ഭരണപക്ഷം അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തരത്തിൽ വോട്ട് മോഷണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഞാൻ പറയുന്നത് എപ്പോഴും സത്യമാകാറുണ്ട്. ഞാൻ രാജ്യത്തെ മുഴുവൻ ജനങ്ങളോടും യുവാക്കളോടും പറയുന്നു—ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടും, അദ്ദേഹം ജയിലിൽ പോകും. നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ അധികാരത്തിന്റെ ഉന്നതിയിലായിരിക്കാം, എന്നാൽ ഭരണഘടനാ സ്ഥാപനങ്ങളെ അവരുടെ ആയുധമാക്കി മാറ്റിയവർ തന്നെയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ ഭരണഘടനയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും, തെറ്റ് ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള തുടങ്ങി നിരവധി മുതിർന്ന പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തു. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ബിജെപി തിരഞ്ഞെടുപ്പ് കൃത്രിമം നടത്തുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.

മിന്റോ റോഡ്-കണ്ണോട്ട് പ്ലേസ് ജംഗ്ഷനിൽ നിന്നാരംഭിച്ച ചലോ ഡൽഹി മാർച്ച് രാംലീല മൈതാനിയിലാണ് സമാപിച്ചത്. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലില്ലെന്നും കർഷകർക്കും തൊഴിലാളികൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും, രാജ്യത്തിന്റെ മുഴുവൻ സമ്പത്തും രണ്ടോ മൂന്നോ വ്യക്തികളുടെ കൈകളിലേക്ക് ചുരുങ്ങുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഇന്ത്യയെ രാജ്യം അംഗീകരിക്കില്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും റാലിയിൽ സംസാരിച്ച നേതാക്കൾ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News