Enter your Email Address to subscribe to our newsletters

Newdelhi , 01 നവംബര് (H.S.)
അവയവദാനം മഹാദാനമാണെന്നും മറ്റുള്ളവർക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുന്ന ഏറ്റവും മഹത്തായ കാരുണ്യപ്രവർത്തനമാണെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അവയവമാറ്റം നടത്തിയവരുടെ ദേശീയ കായികമേള 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൈര്യം, നിശ്ചയദാർഢ്യം, കാരുണ്യം, ജീവിതത്തിന്റെ വിലമതിക്കാനാവാത്ത സമ്മാനം എന്നിവയുടെ ആഘോഷമാണ് ദേശീയ കായികമേളയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ അതിജീവനശേഷി പ്രകടമാക്കുന്നതിനൊപ്പം ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്ന വേദികൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവയവദാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്ത്' പ്രഭാഷണങ്ങളിലൂടെ നൽകിവരുന്ന പ്രാധാന്യം രാജ്യത്തെ അവയവദാന പ്രസ്ഥാനത്തിന് വലിയ പ്രചോദനമായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുന്ന ഒരാൾക്ക് എട്ടുപേരുടെ വരെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും ആദരിച്ച അദ്ദേഹം, ജീവിച്ചിരിക്കുന്ന അവയവദാതാക്കളുടെ നിസ്വാർഥ സേവനത്തെയും അഭിനന്ദിച്ചു.
അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ഇല്ലാതാക്കണം. അവയവദാനത്തിനുള്ള താൽപ്പര്യം ഓരോരുത്തരും കുടുംബാംഗങ്ങളുമായി പങ്കുവെക്കണമെന്നും ഉപരാഷ്ട്രപതി അഭ്യർഥിച്ചു. അവയവമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുയോജ്യമായ അവയവങ്ങൾ ലഭ്യമാക്കാനും അവയവങ്ങൾക്കായി കാത്തിരിക്കെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി 'സിന്ദഗി ദുബാര' (Zindagi Dobara) കലണ്ടർ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ജർമനിയിലെ ഡ്രെസ്ഡനിൽ നടന്ന 2025-ലെ അവയവമാറ്റം നടത്തിയവരുടെ ലോക കായികമേളയിൽ മെഡലുകൾ നേടിയവരെയും അദ്ദേഹം ആദരിച്ചു.
570 അവയവമാറ്റ സ്വീകർത്താക്കളും അവയവദാതാക്കളും ഒരുമിച്ച് താഡാസനം അവതരിപ്പിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിനും ഉപരാഷ്ട്രപതി സാക്ഷിയായി. 'താഡാസനം അവതരിപ്പിക്കുന്ന അവയവമാറ്റ സ്വീകർത്താക്കളുടെയും ദാതാക്കളുടെയും ഏറ്റവും വലിയ ഒത്തുചേരൽ' എന്ന വിഭാഗത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘാടകർക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
അവയവദാന പ്രതിജ്ഞയിലും ഉപരാഷ്ട്രപതി പങ്കുചേർന്നു. കബഡി, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിലെ പ്രദർശന മത്സരങ്ങളും വീക്ഷിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ്, ലോക്സഭാംഗം ബൻസുരി സ്വരാജ്, സർ ഗംഗാറാം ട്രസ്റ്റ് സൊസൈറ്റി ചെയർമാൻ ഡോ. ഡി.എസ്. റാണ, സംഘാടക സമിതി ചെയർമാൻ ഡോ. എ.കെ. ഭല്ല, നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (NOTTO) ഡയറക്ടർ ഡോ. അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റീനൽ കെയർ ഫൗണ്ടേഷൻ, സർ ഗംഗാറാം ആശുപത്രി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള NOTTO എന്നിവയുടെ നേതൃത്വത്തിലാണ് ദേശീയ കായികമേള സംഘടിപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR