Enter your Email Address to subscribe to our newsletters

Newdelhi , 01 നവംബര് (H.S.)
ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണി സംഘടിപ്പിച്ച റാലിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ ഇത്തരം ഒരു രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചത് കലാപത്തിന് ഇരയായവരുടെ മുറിവിൽ ഉപ്പുതേക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചണ്ഡീഗഢിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ആയിരക്കണക്കിന് നിരപരാധികളായ സിഖുകാർ അതിക്രൂരമായി കൊല്ലപ്പെടാനും പലായനം ചെയ്യാനും ഇടയാക്കിയ സാഹചര്യത്തിന് കോൺഗ്രസാണ് പൂർണ ഉത്തരവാദികളെന്ന് അമിത് ഷാ തുറന്നടിച്ചു. സിഖ് വിരുദ്ധ കലാപം നടന്ന നവംബർ 1, 2, 3 തീയതികളിൽ ഇത്തരം ആഘോഷങ്ങളും രാഷ്ട്രീയ പരിപാടികളും നടത്തരുതെന്ന് തങ്ങളുടെ പാർട്ടി മുൻകൂട്ടി വാർത്താസമ്മേളനം നടത്തി അഭ്യർത്ഥിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ ദിവസങ്ങളിൽ പരിപാടികൾ നടത്തുന്നത് സിഖ് സമൂഹത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും കുട്ടികളുടെയും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും പ്രതിപക്ഷം പരിപാടിയുമായി മുന്നോട്ട് പോവുകയാണുണ്ടായത്.
ഗുരുക്കന്മാരുടെ പുണ്യഭൂമിയിൽ നിന്നുകൊണ്ട് പ്രതിപക്ഷത്തിന്റെ ഈ നീചമായ ശ്രമത്തെ താൻ ശക്തമായി അപലപിക്കുകയാണെന്നും, പഞ്ചാബും ഭാരതവും ഈ ക്രൂരമായ അവഗണന ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ആയിരക്കണക്കിന് സിഖുകാരെ ജീവനോടെ ചുട്ടുകൊന്ന ദിനത്തിൽ തന്നെ റാലി നടത്താൻ വിദേശത്തുനിന്നാണ് നിർദ്ദേശം വന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പരാമർശത്തെയും അമിത് ഷാ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സിഖ് കലാപം നടക്കുന്ന വേളയിൽ 'ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും' എന്ന് പ്രസ്താവിച്ചത് കോൺഗ്രസിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. സിഖുകാരുടെ കൂട്ടക്കൊലയെ ലഘൂകരിച്ച് കാണിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വിമർശിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് കലാപവുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും തുറന്ന് അന്വേഷിക്കാൻ തുടങ്ങിയതെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുകയും, കുറ്റക്കാരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജയിലിൽ അടയ്ക്കുകയും ചെയ്തത് എൻ.ഡി.എ സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് അരാജകത്വവും നുണകളും പ്രചരിപ്പിക്കുക, പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുക എന്നിവ മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് ഷാ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി തുടർച്ചയായി മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും രാഹുൽ പരാജയപ്പെടുകയാണെന്നും, മകനെ പ്രധാനമന്ത്രിയാക്കണമെന്ന സോണിയാ ഗാന്ധിയുടെ ആഗ്രഹം ഒരിക്കലും പൂവണിയാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന 'മോക്ക് പാർലമെന്റുകൾ' ചൂണ്ടിക്കാട്ടി, രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ താല്പര്യമുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ഇത്തരം സാങ്കൽപ്പിക സഭകളിൽ തുടരാമെന്നും, യഥാർത്ഥത്തിൽ അതിനുള്ള അവസരം ഒരിക്കലും ലഭിക്കില്ലെന്നും അമിത് ഷാ ആഞ്ഞടിച്ചു.
---------------
Hindusthan Samachar / Roshith K