Enter your Email Address to subscribe to our newsletters

NewDelhi , 10 നവംബര് (H.S.)
ഇന്ത്യയുടെ നീല സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തുപകരാൻ ലക്ഷദ്വീപിലെയും ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെയും മത്സ്യബന്ധന മേഖലയിൽ വൻ വികസന പദ്ധതികളുമായി കേന്ദ്ര സർക്കാർ. ചൂര മത്സ്യബന്ധനം, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യവളർത്തൽ തുടങ്ങിയ ഉയർന്ന മൂല്യമുള്ള മേഖലകളുടെ വികസനത്തിനാണ് പ്രത്യേക പരിഗണന നൽകുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന (PMMSY) പ്രകാരം ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് 218 കോടി രൂപയും ലക്ഷദ്വീപിന് 175 കോടി രൂപയും ഉൾപ്പെടെ ആകെ 393 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏകദേശം 11,099 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും 24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയുമുള്ള ഇന്ത്യയ്ക്ക് സമ്പന്നമായ സമുദ്രവിഭവ ശേഖരമാണുള്ളത്. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ 58.6 ലക്ഷം മെട്രിക് ടൺ സമുദ്രമത്സ്യ സമ്പത്തുണ്ടെന്നാണ് കണക്ക്. ഭക്ഷ്യസുരക്ഷ, പോഷണം, തൊഴിൽ, വരുമാനം, കയറ്റുമതി എന്നിവയിൽ നിർണായക സംഭാവന നൽകുന്ന മത്സ്യബന്ധന മേഖല ഏകദേശം 50 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം കൂടിയാണ്.
ആഗോള മത്സ്യബന്ധന-അക്വാകൾച്ചർ മേഖലയിൽ ഇന്ത്യ ഇന്ന് മുൻനിര രാജ്യങ്ങളിലൊന്നാണ്.
2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 73,890 കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മത്സ്യബന്ധന മേഖലയെ ഉൽപ്പാദന കേന്ദ്രീകൃത പ്രവർത്തനങ്ങളിൽനിന്ന് സാങ്കേതികവിദ്യാധിഷ്ഠിതവും മൂല്യവർധിതവുമായ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. 2015 മുതൽ വിവിധ പദ്ധതികളിലൂടെ 39,272 കോടി രൂപയുടെ പൊതുനിക്ഷേപത്തിനാണ് സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്.
രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം 40 ശതമാനവും ലക്ഷദ്വീപും ആൻഡമാൻ-നിക്കോബാർ ദ്വീപുകളും ചേർന്നാണ് ഉൾക്കൊള്ളുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപസമൂഹങ്ങൾക്ക് സമ്പന്നമായ മത്സ്യവിഭവങ്ങളിലേക്കും ചൂര മത്സ്യങ്ങളുടെ പ്രധാന ദേശാടന പാതകളിലേക്കും പ്രവേശനമുണ്ട്. അതിനാൽ തന്നെ രാജ്യത്തിന്റെ സമുദ്ര സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഈ ദ്വീപുകൾക്ക് തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്.
യെല്ലോഫിൻ, സ്കിപ്ജാക്ക്, ബിഗ് ഐ തുടങ്ങിയ ചൂര മത്സ്യ ഇനങ്ങളുടെ സമ്പന്നമായ ശേഖരം ലക്ഷദ്വീപിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ചുറ്റുമുള്ള സമുദ്രത്തിലുണ്ട്. ഈ വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തി കയറ്റുമതി വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആധുനിക ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, പരമ്പരാഗത പോൾ ആൻഡ് ലൈൻ, ഹുക്ക് ആൻഡ് ലൈൻ രീതികൾ, ശീതീകരണ സംവിധാനങ്ങൾ, സംസ്കരണ-സംഭരണ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കും.
ലക്ഷദ്വീപിൽ അഞ്ച് വർഷത്തിനുള്ളിൽ ചൂര മത്സ്യ ഉൽപ്പാദനം ഇരട്ടിയാക്കി 50,000 ടണ്ണിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളും വലിയ കപ്പലുകളും ഉൾപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതിക്ക് അനുയോജ്യമായ പരമ്പരാഗത മത്സ്യബന്ധന രീതികളും പ്രോത്സാഹിപ്പിക്കും. ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ PMMSY-ക്ക് കീഴിൽ പ്രത്യേക ചൂര മത്സ്യ ക്ലസ്റ്റർ രൂപീകരിച്ച് മത്സ്യബന്ധന യാനങ്ങളുടെ ആധുനികവൽക്കരണവും അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കും. മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (MPEDA) പങ്കാളിത്തത്തോടെ വിപണി പ്രവേശനവും നേരിട്ടുള്ള കയറ്റുമതിയും മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.
ചൂര മത്സ്യബന്ധനത്തിന് പുറമെ കടൽപ്പായൽ കൃഷിക്കും അലങ്കാര മത്സ്യവളർത്തലിനും സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു. ഭക്ഷണം, സൗന്ദര്യവർധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ന്യൂട്രാസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ കടൽപ്പായലിന് വലിയ വിപണിസാധ്യതയുണ്ട്. ലക്ഷദ്വീപിലെ ലഗൂണുകളും ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ സമുദ്ര ആവാസവ്യവസ്ഥകളും കടൽപ്പായൽ കൃഷിക്ക് അനുയോജ്യമാണ്. ലക്ഷദ്വീപിനെ പ്രത്യേക കടൽപ്പായൽ ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൃഷി വ്യാപിപ്പിക്കൽ, വിത്ത് ബാങ്കുകൾ, ഹാച്ചറികൾ, പരിശീലനം എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
അലങ്കാര മത്സ്യവളർത്തലിലും ദ്വീപുകൾക്ക് വലിയ സാധ്യതയുണ്ട്. ലക്ഷദ്വീപിൽ മാത്രം 300-ലധികം പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട അലങ്കാര മത്സ്യ ഇനങ്ങളുണ്ടെന്നാണ് കണക്ക്. ഇടത്തരം വളർത്തൽ യൂണിറ്റുകൾ സ്ഥാപിക്കുക, നിയന്ത്രിതവും പരിസ്ഥിതി സൗഹൃദവുമായ മത്സ്യശേഖരണ രീതികൾ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തോടൊപ്പം ദ്വീപ് നിവാസികൾക്ക് പുതിയ തൊഴിൽ-വരുമാന മാർഗങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതികളുടെ ഭാഗമായി മത്സ്യം ഇറക്കുന്ന കേന്ദ്രങ്ങൾ, ഐസ് പ്ലാന്റുകൾ, ശീതീകരണ ശൃംഖലകൾ, ബോട്ടുകളിലെ മത്സ്യസംരക്ഷണ സംവിധാനങ്ങൾ, ബോട്ട് നിർമാണശാലകൾ, സംസ്കരണ യൂണിറ്റുകൾ, കയറ്റുമതി സൗകര്യങ്ങൾ എന്നിവയും വികസിപ്പിക്കും. മത്സ്യബന്ധനാനന്തര നഷ്ടം കുറയ്ക്കുക, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ആഭ്യന്തര-വിദേശ വിപണികളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുക എന്നിവയാണ് അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
സമുദ്രവിഭവങ്ങളുടെ കേവല ചൂഷണത്തിനുപകരം അവയുടെ സുസ്ഥിര വിനിയോഗത്തിലൂടെയും മൂല്യവർധനയിലൂടെയും ദ്വീപ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക സംരംഭകർക്കും ദ്വീപ് സമൂഹങ്ങൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR