Enter your Email Address to subscribe to our newsletters

Kochi, 10 നവംബര് (H.S.)
കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി അതുല്യ ചന്ദ്ര. പീഡന പരാതി ഒതുക്കിത്തീർക്കാൻ ഡോക്ടർ ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും, ഈ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യം മൂലമാണ് തനിക്കെതിരെ മർദന പരാതി നൽകിയതെന്നും ഡോക്ടറെ മർദിച്ച കേസിൽ അറസ്റ്റിലായ യുവനടി പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കേസിൽ പുതിയ വഴിത്തിരിവായി മാറിയ ഈ വിവരങ്ങൾ പുറത്തുവന്നത്.
താൻ ആക്രമിക്കപ്പെട്ട വിവരം പരാതിക്കാരിയായ ബന്ധു കുടുംബാംഗങ്ങളെയും ഡ്രൈവറെയും അറിയിച്ചിരുന്നു. പീഡനത്തിന് ഇരയാക്കിയതിനു പുറമെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന ആശങ്കയും ഇവർ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഡോക്ടറെ കൊച്ചി പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും മൊബൈൽ ഫോൺ കൈക്കലാക്കിയതെന്നും മൊഴിയിലുണ്ട്. ഫോണിലുള്ള പീഡനവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് അത് തിരികെ നൽകാതിരുന്നതെന്നും, ബന്ധുവായ പരാതിക്കാരി വഴി ഫോൺ നേരിട്ട് പൊലീസിന് കൈമാറാനായിരുന്നു പദ്ധതിയെന്നും നടി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
തനിക്കെതിരെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ മർദനക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസിനെ സമീപിച്ച് ഡോക്ടർക്കെതിരെ ബലാത്സംഗ പരാതി നൽകിയത്. ഒക്ടോബർ പത്തിന് തന്നെ മദ്യം നൽകി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഒപ്പം പ്രതികളിൽ നിന്ന് ലഭിച്ച ഡോക്ടറുടെ ഫോണുകളും പൊലീസിന് കൈമാറി. പിടിച്ചെടുത്ത ഫോണുകളിൽ കൂടുതൽ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഈ കേസിൽ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ. ബി. വിഷ്ണു, നടി അതുല്യ ചന്ദ്ര എന്നിവരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മർദനം നടന്നതായി പറയുന്ന ഫ്ലാറ്റിലെത്തിച്ച് പ്രതികളെ തെളിവെടുപ്പിന് വിധേയമാക്കും.
അതേസമയം, ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോ. ജോൺസൺ കെ. വർഗീസ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും തന്നെ ഫ്ലാറ്റിലിട്ട് മർദിച്ച് മൂന്ന് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമുള്ള വാദവുമായി ഡോക്ടർ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, വിഷയം ഒതുക്കിത്തീർക്കാൻ ഡോക്ടർ ഒരുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന നടിയുടെ വെളിപ്പെടുത്തൽ കേസ് അന്വേഷണത്തിലും ജാമ്യാപേക്ഷയിലും നിർണായക ഘടകമായി മാറും.
---------------
Hindusthan Samachar / Roshith K