Enter your Email Address to subscribe to our newsletters

New delhi, 10 നവംബര്‍ (H.S.)
ഇന്ത്യയെ ഇലക്ട്രിക് വാഹന ഹബ്ബാക്കാന്‍ നിര്‍ണ്ണായക ചര്‍ച്ചകളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ പിയൂഷ് അറോറയുടെ നേതൃത്വത്തിലുള്ള ഉന്നതതല കോര്‍പ്പറേറ്റ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ വാഹന മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനെ കുറിച്ചും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ആയിരുന്നു പ്രധാന ചര്‍ച്ച.
വിദേശത്തേക്കുള്ള വാഹന കയറ്റുമതി വര്‍ധിപ്പിക്കുക, ആഭ്യന്തര നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ ഘട്ടം വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പിയൂഷ് ഗോയലിന്റെ ഓഫീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
'സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (SAVWIPL) എം.ഡിയും സി.ഇ.ഒയുമായ പിയൂഷ് അറോറയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി മന്ത്രി പിയൂഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തി.' വാഹന കയറ്റുമതി വിപുലീകരിക്കുന്നതിനും, ആഗോള വാഹന നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും, ഇലക്ട്രിക് വാഹന നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി കുറിപ്പില്‍ പറയുന്നു.
രാജ്യത്തെ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനിടയിലാണ് സ്കോഡ ഓട്ടോ ഇന്ത്യ മന്ത്രിയും കമ്പനി പ്രതിനിധികളുമായി ഉന്നതതല ആശയവിനിമയം നടത്തുന്നത്. ഈ മാസം അവസാനത്തോടെ രാജ്യത്തുടനീളമുള്ള 193 നഗരങ്ങളിലായി 350-ലധികം ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വിപുലീകരിച്ചിരിക്കുകയാണ് കമ്പനി. 350-ാമത്തെ കേന്ദ്രം മണിപ്പൂരിലെ ഇംഫാലിലാണ് ആരംഭിച്ചത്. ഇതോടെ മണിപ്പൂരിലും കമ്പനിക്ക് കസ്റ്റമര്‍ ടച്ച്പോയിന്റ് ലഭിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വിപുലമായ പ്രാദേശിക സാന്നിധ്യം നല്കാന് ഇത് സ്കോഡയെ സഹായിച്ചു.
2021-ല്‍ 191 ടച്ച്പോയിന്റുകള്‍ മാത്രമുണ്ടായിരുന്ന കമ്പനിയുടെ റീട്ടെയില്‍ ശൃംഖല, 2025-ല്‍ 325 കേന്ദ്രങ്ങളായി വളരുകയും, 2026 ഒക്ടോബര്‍ അവസാനത്തോടെ 350 മറികടക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ, കമ്പനിയുടെ വിതരണ ശൃംഖലയും വിപുലീകരിക്കപ്പെട്ടു. 2024-ല്‍ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 156 നഗരങ്ങളില്‍ ഉണ്ടായിരുന്ന വിതരണ ശൃംഖല കൂടുതല്‍ നഗരങ്ങളിലേക്ക് വിപുലീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. 29 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി 193 നഗരങ്ങളിലേക്ക് ഇപ്പോള്‍ വിപുലീകരിച്ചു.
---------------
Hindusthan Samachar / Sreejith S