Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 നവംബര് (H.S.)
തിരുവനന്തപുരം: വിവാദമായ പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിലെ ചോദ്യം ചെയ്യലിൽ നിന്ന് പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജു വീണ്ടും ഒഴിഞ്ഞുമാറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നൽകിയ മൂന്നാമത്തെ നോട്ടീസും അദ്ദേഹം തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്തിമ വിധി വന്നതിനു ശേഷം മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് അദ്ദേഹം രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണത്തോട് തുടർച്ചയായി നിസ്സഹകരണം പുലർത്തുന്ന സാഹചര്യത്തിൽ, ചെയർമാന്റെ നിലപാട് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ചെയർമാനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചത്. കേസിൽ റിമാൻഡിലായ പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്നും ചെയർമാന്റെ പങ്കിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും ചെയർമാന്റെ ഏകപക്ഷീയമായ ഇടപെടലുകൾ ഉണ്ടായതായി മറ്റ് ഉദ്യോഗസ്ഥരും കമ്മീഷൻ അംഗങ്ങളും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് അടക്കമുള്ള ഗുരുതര ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്.
നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ഇതേ വാദം ഉന്നയിച്ചാണ് ബൈജു ഹാജരാകാതിരുന്നത്. തുടർന്ന്, ഹൈക്കോടതിയുടെ കർശന നിരീക്ഷണങ്ങൾ കൂടി ചൂണ്ടിക്കാട്ടി ഔദ്യോഗിക തിരക്കുകൾ ഒഴിവാക്കി ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മൂന്നാം നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്നും അന്തിമ വിധി വരാതെ മൊഴി നൽകാൻ എത്തില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.
തുടർച്ചയായി നോട്ടീസ് അവഗണിക്കുന്ന ചെയർമാന്റെ നടപടി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. അന്വേഷണവുമായി സഹകരിക്കാൻ ബാധ്യസ്ഥനായ ഭരണഘടനാ പദവിയിലുള്ള വ്യക്തി തന്നെ ഏജൻസിയുടെ നോട്ടീസുകൾ തള്ളിക്കളയുന്നത് നിയമപരമായി തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിൽ, ചെയർമാന്റെ നിസ്സഹകരണവും കേസിന്റെ ഗൗരവവും കോടതിയെ ധരിപ്പിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം ചെയർമാനെതിരേ വാറന്റ് അടക്കമുള്ള നിയമനടപടികൾ തേടാനും, നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതി ചേർക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കാനും ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഉദ്യോഗാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസ്യത തകർത്ത പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ഉന്നതരിലേക്ക് നീളുന്നത് കമ്മീഷനിലും സർക്കാരിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K