ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വാഹന പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്.
Pathanamthitta , 11 നവംബര് (H.S.) ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വാഹന പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പരിശോധിക്കും. വലിയ മോഡിഫിക്കേഷൻ ഓടുകൂടി എത്തുന്ന വാഹനങ്ങൾ അതിർത്തിയിലെ
ശബരിമല തീർത്ഥാടനം


Pathanamthitta , 11 നവംബര് (H.S.)

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വാഹന പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പരിശോധിക്കും. വലിയ മോഡിഫിക്കേഷൻ ഓടുകൂടി എത്തുന്ന വാഹനങ്ങൾ അതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം മടക്കി അയക്കാനാണ് തീരുമാനം.

എരുമേലി–ശബരിമല പാതയിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്ന അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അയൽസംസ്ഥാനങ്ങളിലെ അധികാരികളുമായി ചേർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കും.

ശബരിമല തീർഥാടന കാലത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കാനാണ് സർക്കാർ തീരുമാനം. എരുമേലി–ശബരിമല പാതയിലൂടെ തീർഥാടകരുമായി എത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) പ്രത്യേക പരിശോധന നടത്തും.

കർണാടക, തമിഴ്നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തി കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാൽ ചെക്ക്പോസ്റ്റുകളിൽ തടഞ്ഞുനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.

പരിശോധനയിൽ പ്രധാനമായും വാഹനങ്ങളുടെ ബോഡിയിൽ വരുത്തിയ മാറ്റങ്ങൾ, അധികമായി ഘടിപ്പിച്ച പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ ടയറുകൾ , ഒറ്റനിര സീറ്റിങ് സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിക്കും. ഇത്തരം മാറ്റങ്ങൾ വാഹനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതുമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു., വാഹനങ്ങളിൽ താങ്ങാവുന്നതിന് അധികം ഭാരമേറിയ ബോഡികൾ ഘടിപ്പിക്കുന്നതുപോലുള്ള അനധികൃത മാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എരുമേലി–എലവുങ്കൽ പാതയിലെ കുത്തനെയുള്ളതും വളവുകൾ നിറഞ്ഞതുമായ റോഡുകളിൽ ഇത്തരം വാഹനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ഈ മേഖലയിലെ ഭൂപ്രകൃതിയും കുത്തനെയുള്ള ഇറക്കങ്ങളും കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ പറയുന്നു.

കനമല, കണമല തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളിൽ വാഹനങ്ങൾ നിയന്ത്രിത കോൺവോയ് സംവിധാനത്തിൽ കടത്തിവിടുന്നതിനുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്. എംവിഡി വാഹനങ്ങളുടെ അകമ്പടിയോടെ വാഹനങ്ങൾ കടത്തിവിടുന്നതിലൂടെ അമിതവേഗവും അപകടകരമായ മറികടക്കലും തടയാനാകുമെന്നാണ് വിലയിരുത്തൽ.

വാഹനങ്ങളിൽ വിതരണം ചെയ്യുന്ന പാസുകളിലും വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളിലും റോഡ് സുരക്ഷാ നിർദേശങ്ങൾ ഉൾപ്പെടുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി എംവിഡി ഏകോപനം നടത്തും. പ്രാദേശിക ഭാഷകളിലായിരിക്കും സുരക്ഷാ നിർദേശങ്ങൾ ഉൾപ്പെടുത്തുക.

പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേർന്ന് ചൊവ്വാഴ്ച ശബരിമല തീർഥാടന പാതയിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി. ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ മണ്ണാറക്കുളഞ്ഞി ജങ്ഷനിൽ ആരംഭിച്ച പരിശോധന പമ്പ വരെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നടന്നു.

രണ്ട് മാസം മുമ്പ് നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ സുരക്ഷാ പ്രവർത്തനങ്ങൾക്കായി സർക്കാർ നാല് കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും അടിയന്തരമായി ഇടപെടേണ്ട മേഖലകൾ കണ്ടെത്തുന്നതിനുമായിരുന്നു ഏറ്റവും പുതിയ പരിശോധന.

മണ്ണാറക്കുളഞ്ഞി–എലവുങ്കൽ പാതയിൽ മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നതിനായി പ്രത്യേക ഹൈവേ പട്രോൾ യൂണിറ്റിനെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. തീർഥാടന കാലത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കും.

റാന്നി, വടശ്ശേരിക്കര, ലാഹ, നിലയ്ക്കൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. തമിഴ്നാട്ടിൽനിന്ന് എത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോന്നിയിലും കൂടലിലും പോലീസ് സാന്നിധ്യമുണ്ടാകും. പന്തളം ഉൾപ്പെടെയുള്ള തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലും പ്രത്യേക പോലീസ് വിന്യാസമുണ്ടാകും. ഡിവൈഎസ്പിമാരുടെയും സർക്കിൾ ഇൻസ്പെക്ടർമാരുടെയും മേൽനോട്ടത്തിലായിരിക്കും പരിശോധനകൾ. ശബരിമല തീർഥാടന പാതയിലെ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ആർടിഒമാരും സർക്കിൾ ഇൻസ്പെക്ടർമാരും പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. അപകടങ്ങൾ തടയുന്നതിനായി ആർടിഒയുമായി ചേർന്ന് പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News