Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 നവംബര് (H.S.)
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തി ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പതിനാലോളം ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും അധിക ചുമതലകളിലും മാറ്റം വരുത്തിക്കൊണ്ട് പൊതുഭരണ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി. ഡോ. എസ്. കാർത്തികേയനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചതാണ് പുതിയ ഉത്തരവിലെ ഏറ്റവും ശ്രദ്ധേയമായ തീരുമാനം.
നിലവിലെ എക്സൈസ് കമ്മീഷണറായിരുന്ന ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയ ഒഴിവിലേക്കാണ് ഡോ. എസ്. കാർത്തികേയനെ നിയമിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ പദവിക്ക് പുറമെ, ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവന്ന ഭരണപരമായ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും പിന്നാലെയാണ് സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി കാർത്തികേയന് ചുമതല കൈമാറിയതെന്നാണ് ഭരണതലത്തിൽ നിന്നുള്ള സൂചന.
പ്രമുഖ ഉദ്യോഗസ്ഥരായ ഡോ. ശർമ്മിള മേരി ജോസഫ്, എൻ. പ്രശാന്ത് എന്നിവർക്കും പുതിയ ഉത്തരവിലൂടെ സുപ്രധാനമായ അധിക ചുമതലകൾ നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (കെ.ടി.ഡി.എഫ്.സി) ചെയർപേഴ്സൺ സ്ഥാനത്തിന്റെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. ഗതാഗത വകുപ്പിന്റെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അതേസമയം, അടുത്തിടെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി (സി.എം.ഡി) ചുമതലയേറ്റ എൻ. പ്രശാന്ത് ഐഎഎസിന് സാംസ്കാരിക-പൈതൃക മേഖലകളിലെ സുപ്രധാന വകുപ്പുകളുടെ അധിക ചുമതല കൂടി സർക്കാർ നൽകി. കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തിന് പുറമെ മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലകളാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
ഇതിന് പുറമെ മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ ചുമതലകളിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ജെറോമിക് ജോർജിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിച്ചപ്പോൾ, എം.ജി. രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഡി. ബാലമുരളിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെയും ചുമതലകൾ കൈമാറി. ഭരണനിർവ്വഹണം വേഗത്തിലാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് അടിയന്തരമായി ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / Roshith K