Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 നവംബര് (H.S.)
ഡിപി വേൾഡും റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം സെൻട്രലും ചേർന്ന് സംഘടിപ്പിക്കുന്ന 4 ദിവസത്തെ സൗജന്യ കൃത്രിമ അവയവ ക്യാമ്പിന് തുടക്കമായി
കേരളത്തിൽ നിന്നും കന്യാകുമാരിയിൽ നിന്നുമുള്ള 400 പേർക്ക് പ്രയോജനം ലഭിക്കും
തിരുവനന്തപുരം (12 നവംബർ 2026): ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹം ആദരവോടെ ചേർത്തുപിടിക്കുന്ന പുതിയൊരു സംസ്കാരത്തിന് കേരളം തുടക്കം കുറിക്കുകയാണെന്നും ഇതിന്റെ ഭാഗമായി രാജ്യത്ത് തന്നെ ആദ്യമായി 'നോ ബാരിയേഴ്സ്' (No Barriers) എന്ന വിപുലമായ പദ്ധതി ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. വികസിത രാജ്യങ്ങളിലെ അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്രമായ ഭിന്നശേഷി നയവും പദ്ധതികളും സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിപി വേൾഡ് (DP World), റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം സെൻട്രൽ, ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (BMVSS) - ജയ്പൂർ ഫൂട്ട് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സൗജന്യ കൃത്രിമ അവയവ വിതരണ ക്യാമ്പ് വഴുതക്കാട് ഫ്രീമേസൺസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും ഒറ്റയ്ക്കല്ല, ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. സീനിയർ സിറ്റിസൺസിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. 2018-ലെ പ്രളയകാലം മുതൽ റോട്ടറി ക്ലബ്ബുകളും ഡിപി വേൾഡും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. സാധാരണക്കാർക്ക് താങ്ങാനാവാത്ത ചെലവുള്ള കൃത്രിമ അവയവങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയോടെ സൗജന്യമായി ലഭ്യമാക്കുന്നത് വഴി നാനൂറോളം പേരെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്, മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വെച്ച് 2026 ജൂണിൽ സംഭവിച്ച റോഡപകടത്തിൽ കാൽ നഷ്ടപ്പെട്ട കുശവരക്കൽ ഗവൺമെന്റ് യു.പി.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനുഗ്രഹ എൽ.വി. നായർക്ക് മുഖ്യമന്ത്രി കൃത്രിമ കാൽ കൈമാറി. റോട്ടറി ക്ലബ്ബിൽ 40 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെയും അദ്ദേഹം ആദരിച്ചു. റോട്ടറി ക്ലബ്ബിൽ 40 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നുമായി ചലനശേഷി വെല്ലുവിളികൾ നേരിടുന്ന 400 പേർക്ക് ഈ ക്യാമ്പിലൂടെ സൗജന്യമായി കൃത്രിമ അവയവങ്ങളും കാലിപ്പറുകളും മറ്റ് സഹായ ഉപകരണങ്ങളും നൽകും. ക്യാമ്പിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ശാരീരിക ആവശ്യങ്ങൾ പ്രത്യേകമായി വിലയിരുത്തി ജയ്പൂർ ഫൂട്ടിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവർക്ക് അനുയോജ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് ഘടിപ്പിച്ചു നൽകും. നവംബർ 12 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുന്നത്.
കേവലം ബിസിനസ് പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, ഞങ്ങൾ പ്രവർത്തിക്കുന്ന സമൂഹങ്ങൾക്ക് ശാശ്വതമായ മാറ്റം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തി അവരിലേക്ക് ഈ സാങ്കേതിക സഹായങ്ങൾ എത്തിക്കുന്നതിൽ സന്തോഷമുണ്ട്, ഡിപി വേൾഡ് പോർട്ട്സ് & ടെർമിനൽസ് (നവ സേവ) സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.
സഹായങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുന്ന താഴെത്തട്ടിലുള്ള ആളുകളിലേക്ക് അർത്ഥവത്തായ പിന്തുണ എത്തിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന് പിന്നിൽ. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്, റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം സെൻട്രൽ പ്രസിഡന്റ് പ്രേം കുമാർ തമ്പി പറഞ്ഞു.
കൊച്ചി, ചെന്നൈ, പൻവേൽ, മുന്ദ്ര, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലായി സംഘടിപ്പിച്ച സമാന ക്യാമ്പുകളിലൂടെ ഇതുവരെ 1,220-ലേറെ കൃത്രിമ അവയവങ്ങളും നിരവധി ചലനസഹായികളും ഡിപി വേൾഡ് വിതരണം ചെയ്തിട്ടുണ്ട്.
ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ ജി. നായർ, ഡിപി വേൾഡ് പോർട്ട്സ് & ടെർമിനൽസ് (നവ സേവ) സിഇഒ ജിബു കുര്യൻ ഇട്ടി, റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം സെൻട്രൽ സെക്രട്ടറി ചന്ദു ഗുപ്ത, ഡിസ്ട്രിക്ട് പ്രോജക്ട് ചെയർ സി. സുരേഷ് എന്നിവർ പങ്കെടുത്തു.റോട്ടറി ക്ലബ് ഓഫ് ഓഫ് ബാംഗ്ളുരു അനിൽ സുരാന
---------------
Hindusthan Samachar / Sreejith S