കശ്മീരില് സ്പെഷ്യല് പോലീസ് ഓഫീസര്മാര്ക്ക് വീരമൃത്യു; ആക്രമണം നടത്തിയ ഭീകരര്ക്കായി തിരച്ചില്
Kashmir, 12 നവംബര്‍ (H.S.) ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വീരമൃത്യു. ദേഹമാസകലം വെടിയേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് സുരക്ഷാ സേന കണ്ടെടുത്തത്. ദച്ചന്‍ സ്വദേശികളായ റീഷിപാല്‍ (40), ബോബി ചന
police dead


Kashmir, 12 നവംബര്‍ (H.S.)

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വീരമൃത്യു. ദേഹമാസകലം വെടിയേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് സുരക്ഷാ സേന കണ്ടെടുത്തത്. ദച്ചന്‍ സ്വദേശികളായ റീഷിപാല്‍ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍. ഇവരെ നിഷ്ഠൂരമായി കൊലചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താനായി സൈന്യവും പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് പ്രദേശത്ത് വിപുലമായ സംയുക്ത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കിഷ്ത്വാറിലെ മര്‍വാര്‍ മേഖലയിലുള്ള ദെഹാര്‍ന വനമേഖലയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പട്രോളിങ്ങിനായി പോയ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (SOG) അംഗങ്ങളായിരുന്നു ഇവര്‍ രണ്ടുപേരും. കിയാര്‍ ദച്ചനില്‍ നിന്ന് ഇന്ദര്‍വാന്‍ പ്രദേശത്തുള്ള ബസ്നാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ബസ്നാനില്‍ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിള്‍സ് (17 Rashtriya Rifles) സംഘത്തിന് പകരം ചുമതലയേല്‍ക്കാനാണ് ഇവര്‍ പോയിരുന്നത്.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 3:30-ഓടെയാണ് വനമേഖലയില്‍ വെടിവെപ്പ് ശബ്ദം കേട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ മര്‍വാര്‍ മേഖലയിലെ എയര്‍ടെല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനങ്ങളും തടസ്സപ്പെട്ടു. പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരേക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാതായത്. ഫോണിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ വൈകുന്നേരം 7 മണിയോടെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു എസ്.ഓ.ജി സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ദച്ചന്‍ വനമേഖലയില്‍ നിന്ന് വെടിയേറ്റ നിലയില്‍ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.

ദോഡാ മേഖലയില്‍ തീവ്രവാദം ശക്തമായിരുന്ന സമയത്ത് കിഷ്ത്വാറിലെ ദച്ചന്‍, മര്‍വാര്‍ തുടങ്ങിയ ഉയര്‍ന്ന മലനിരകള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുടെ പ്രധാന താവളമായിരുന്നു. അതിനാല്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്. പാക് ഭീകരര്‍ മേഖലയിലുണ്ടാകാമെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. അതിനിടെ ഇന്നലെ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മറ്റൊരു ഭീകരാക്രമണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുല്‍ഗാമിലെ സുരക്ഷാ ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News