മെസ്സിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ ഗുരുതര കണ്ടെത്തലുകൾ; ഗവർണർ ഇന്ന് തീരുമാനമെടുക്കും
Thiruvananthapuram, 12 നവംബര് (H.S.) തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ, മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിൽ ഗവർണർ ഇന്ന് നിർണ്ണായക തീരുമാ
മെസ്സിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ ഗുരുതര കണ്ടെത്തലുകൾ; ഗവർണർഇന്ന്തീരുമാനമെടുക്കും


Thiruvananthapuram, 12 നവംബര് (H.S.)

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ, മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിൽ ഗവർണർ ഇന്ന് നിർണ്ണായക തീരുമാനമെടുക്കും.

തട്ടിപ്പിന് നേതൃത്വം നൽകിയത് മുൻ മന്ത്രി വി. അബ്ദുറഹിമാൻ തന്നെയാണെന്ന് എ.ഡി.ജി.പി വിജയൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി തേടി മുഖ്യമന്ത്രി നേരത്തെ ഗവർണർക്ക് കത്ത് നൽകിയിരുന്നു.

എന്താണ്വിവാദം ?

കൊച്ചിയിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരം സംഘടിപ്പിക്കാനും ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാനും ലക്ഷ്യമിട്ട പദ്ധതി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ വിവാദം ഉടലെടുത്തത്. പൊതു ടെൻഡറോ, മത്സര ലേലമോ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA), ഫിഫ (FIFA), അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) എന്നിവരുമായുള്ള ഔദ്യോഗിക കരാറുകളോ ഇല്ലാതെയാണ് ഈ നീക്കം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഔദ്യോഗിക സ്ഥിരീകരണത്തിന് പകരം വെറുമൊരു പ്രൊമോഷണൽ ബ്രോഷറിനെ മാത്രം ആശ്രയിച്ചാണ് അധികൃതർ മുന്നോട്ട് പോയതെന്നും വ്യക്തമായി.

കൂടാതെ, വാണിജ്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡും മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും ഉൾപ്പെട്ട വൻ സാമ്പത്തിക ക്രമക്കേടുകളും ഈ വിവാദത്തിന്റെ ഭാഗമാണ്. എ.എഫ്.എയ്ക്ക് 130 കോടി രൂപ കൈമാറിയെന്ന അവകാശവാദത്തിന് തെളിവുകളൊന്നും അന്വേഷണത്തിൽ കണ്ടെത്താനായില്ല; അതേസമയം, അനാവശ്യമായ നികുതി-സ്റ്റേഡിയം വാടക ഇളവുകൾ വഴി സംസ്ഥാന ഖജനാവിന് 22 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന്, നികുതി വെട്ടിപ്പിനെയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ജി.എസ്.ടി (GST) വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചു.

അബ്ദുറഹിമാനെതിരായ പ്രധാന ആരോപണങ്ങൾ:

ഔദ്യോഗിക പദവി ദുരുപയോഗം:മന്ത്രി എന്ന പദവിയിലിരുന്നുകൊണ്ട് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായി ലാഭമുണ്ടാക്കാൻ ഇടപെടലുകൾ നടത്തി.

സ്പെയിൻ സന്ദർശനവും ഇടപെടലുകളും : അർജന്റീന ടീം വരുമെന്ന പേരിൽ നടത്തിയ സ്പെയിൻ സന്ദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് ഇടപെടലുകൾ നടന്നതിന് തെളിവുകളുണ്ട്.

മറ്റ് പ്രതികൾ : മുൻ മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി തുടങ്ങിയവർക്കെതിരെയും കേസെടുക്കണമെന്നാണ് എസ്.ഐ.ടി ശുപാർശ ചെയ്തിരിക്കുന്നത്.

രാജേന്ദ്ര ആർലേക്കർ ഗവർണറായിരുന്ന സമയത്താണ് മുഖ്യമന്ത്രി കത്ത് നൽകിയത്. പിന്നീട് ഗവർണർ മാറിയതോടെ തീരുമാനത്തിന് കാലതാമസം നേരിട്ടു . ഇതര സംസ്ഥാന സന്ദർശനത്തിലായിരുന്ന നിലവിലെ ഗവർണർ ഒ.പി. മാത്തൂർ ഇന്നലെ ലോക്ഭവനിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഫയലിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്

---------------

Hindusthan Samachar / Roshith K


Latest News