Enter your Email Address to subscribe to our newsletters

Sriharikota, 13 നവംബര്‍ (H.S.)
ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) മൂന്നാം ഘട്ടത്തിന്റെ (PS3) ഗ്രൗണ്ട് സ്റ്റാറ്റിക് പരീക്ഷണം സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റിയില്‍ വെച്ച് വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യത്തിന് മുന്നോടിയായി വിക്ഷേപണ വാഹനത്തിന്റെ കരുത്തും സുരക്ഷയും ഉറപ്പുവരുത്തുന്ന സുപ്രധാന പരീക്ഷണമാണ് നടന്നത്. SLV-C61/EOS-09, PSLV-C62/EOS-N1 ദൗത്യങ്ങള്ക്കിടയില് ചില അപാകതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഎസ്എല്‍വിയുടെ മൂന്നാം ഘട്ടത്തിന്റെ ഘടനയില്‍ സമഗ്രമായ അവലോകനം നടന്നിരുന്നു. പരീക്ഷണം വിജയം കണ്ടതിനാല്‍ വരാനിരിക്കുന്ന ഐ.എസ്.ആര്.ഒ ദൗത്യങ്ങള്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും പകരുമെന്നുറപ്പാണ്.
ഡിസൈനിലും, അസംസ്കൃത വസ്തുക്കള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും, വ്യത്യസ്ത ഘടകങ്ങള്‍ ഒന്നിച്ചുചേര്ക്കുന്നതിനുള്ള നടപടിക്രമങ്ങളിലും, ഗുണനിലവാര പരിശോധനകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് PS3 ഘട്ടത്തിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഡിസൈന്‍ മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനായി നോസല്‍ രൂപകല്‍പ്പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഘടന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ സ്വീകരിക്കുന്നതിനും, ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഗുണനിലവാര പരിശോധനകള്‍ നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളും ഇത്തവണ പരിഷ്ക്കരിച്ചിട്ടുണ്ട്.
കൂടാതെ, മെക്കാനിക്കല്‍ ഇന്റര്‍ഫേസുകള്‍ കൂടുതല്‍ ബലപ്പെടുത്തുകയും, സീലിങ് സംവിധാനങ്ങളില്‍ അധിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഡിസൈനുകളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നും അവലോകനം ചെയ്തിട്ടുണ്ട്. ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഘട്ടങ്ങളിലും 'നോണ്‍-ഡിസ്ട്രക്ടീവ് ടെസ്റ്റിങ്' രീതികളും നടപ്പിലാക്കി. എല്ലാ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് PS3 സോളിഡ് മോട്ടോര്‍ ഘട്ടത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കി പരിക്ഷത്.
പരീക്ഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി വിശകലനം ചെയ്ത ശേഷമാവും തുടര്‍ പരീക്ഷണങ്ങളിലേക്ക് നീങ്ങുകയെന്നും ഐ.എസ്.ആര്.ഒ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S