ജസ്റ്റിസ് സി.എസ്. കര്ണന് അന്തരിച്ചു
Chennai, 13 നവംബര്‍ (H.S.) ജസ്റ്റിസ് സി.എസ്. കര്‍ണന്‍ (71) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയുംമരണത്തിന് കീഴ
karnan


Chennai, 13 നവംബര്‍ (H.S.)

ജസ്റ്റിസ് സി.എസ്. കര്‍ണന്‍ (71) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയുംമരണത്തിന് കീഴടങ്ങുകയുമായിരുന്നു.കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജ്യത്തെ ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയാണ് കര്‍ണന്‍

1955-ല്‍ തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള കര്‍ണത്തം ഗ്രാമത്തില്‍ സ്വാമിനാഥന്റെയും കമലത്തിന്റെയും എട്ട് മക്കളില്‍ രണ്ടാമനായാണ് അദ്ദേഹം ജനിച്ചത്. കരുണാനിധി എന്നായിരുന്നു ആദ്യപേര്. പിന്നീട് 1991-ല്‍ ഭാര്യ സരസ്വതിയുടെ അഭ്യര്‍ത്ഥനപ്രകാരം പേര് കര്‍ണന്‍ എന്നാക്കി മാറ്റുകയായിരുന്നു. 1983-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന് 2009 മാര്‍ച്ചില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2011 മാര്‍ച്ചില്‍ സ്ഥിരം ജഡ്ജിയായി.

മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ സഹപ്രവര്‍ത്തകര്‍ക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് അദ്ദേഹം നിരവധി തവണ രംഗത്തെത്തി. ദളിതനായതിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് 2011 നവംബറില്‍ അദ്ദേഹം ആരോപിച്ചു. അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെതിരെയും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു. 2014-ല്‍ കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിമുറിയിലേക്ക് കയറിച്ചെന്ന് ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്ത പേരുകളെ പരസ്യമായി എതിര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു.

2016-ല്‍ അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍, തന്നെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സ്വയം സ്റ്റേ ചെയ്തുകൊണ്ട് അദ്ദേഹം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. 2017 ജനുവരിയില്‍ സിറ്റിംഗ് ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സുപ്രീം കോടതിയുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു. വിചാരണയ്ക്കിടെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ തടവുശിക്ഷയും പിഴയും വിധിച്ചുകൊണ്ട് കര്‍ണന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ അസാധാരണ സംഭവമായി.

ഒടുവില്‍ 2017 മെയ് 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് കര്‍ണന്‍ കോടതിയലക്ഷ്യം നടത്തിയതായി കണ്ടെത്തുകയും ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കോടതിയലക്ഷ്യത്തിന് തടവുശിക്ഷ ലഭിക്കുന്ന ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം മാറി. ഉത്തരവിന് പിന്നാലെ ഒളിവില്‍ പോയ അദ്ദേഹം 2017 ജൂണ്‍ 12-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് അതേ മാസം അവസാനം കോയമ്പത്തൂരില്‍ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആറ് മാസത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി 2017 ഡിസംബറിലാണ് അദ്ദേഹം പുറത്തിറങ്ങിയത്.

ജയില്‍ മോചിതനായ ശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി തുടര്‍ന്നു. 2018 മെയ് മാസത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2020 ഡിസംബറില്‍ ജഡ്ജിമാര്‍ക്കും വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് ചെന്നൈ പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയെങ്കിലും മാര്‍ച്ചില്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ജുഡീഷ്യറിക്കുമെതിരെ പൊതുപ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് കര്‍ണനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് 2011-ല്‍ സമര്‍പ്പിച്ച ഒരു ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി 2024 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News