Enter your Email Address to subscribe to our newsletters

NewDelhi , 14 നവംബര് (H.S.)
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2026 നവംബർ 15 മുതൽ 16 വരെ ഈജിപ്തിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കൽ, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, വ്യാവസായിക സഹകരണം വർദ്ധിപ്പിക്കൽ, ഇരുരാജ്യങ്ങളിലെയും വ്യവസായികൾ തമ്മിലുള്ള ബന്ധം ശക്തമാക്കൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, ദീർഘകാലമായി നിലനിൽക്കുന്ന ഇന്ത്യ-ഈജിപ്ത് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.
ചരിത്രപരവും സാംസ്കാരികവുമായ അടുത്ത ബന്ധമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുള്ളത്. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, സുരക്ഷാ, മേഖലകളിലെ സഹകരണത്തിലൂടെ ഈ ബന്ധം ബഹുമുഖ പങ്കാളിത്തമായി വളർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് പുതിയ ഉണർവ് ലഭിക്കുകയും, സാമ്പത്തിക രംഗത്തടക്കം സഹകരണം ശക്തമാക്കാനുള്ള പ്രതിബദ്ധതയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'തന്ത്രപരമായ പങ്കാളിത്തം' എന്ന തലത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ-ഈജിപ്ത് സംയുക്ത വ്യാപാര സമിതിയുടെ ഏഴാമത് സെഷൻ, ഇന്ത്യ-ഈജിപ്ത് സംയുക്ത ബിസിനസ് കൗൺസിൽ യോഗം, ഇന്ത്യ-ഈജിപ്ത് ബിസിനസ് ഫോറം എന്നിവ ഈ സന്ദർശനത്തിൽ ഉൾപ്പെടും. മുതിർന്ന ഈജിപ്ഷ്യൻ മന്ത്രിമാരുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ, പ്രമുഖ ബിസിനസ് പ്രതിനിധികളുമായുള്ള ആശയവിനിമയം, ആഫ്രിക്കൻ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക്, ഈജിപ്ഷ്യൻ ജൂനിയർ ബിസിനസ്മെൻ അസോസിയേഷൻ, ഈജിപ്ത്-ഇന്ത്യ സ്റ്റാർട്ടപ്പ് ഫോറം എന്നിവയുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടും. ഈ കൂടിക്കാഴ്ചകൾ ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം, നൂതന സാങ്കേതിക വിദ്യാ ബന്ധങ്ങൾ എന്നിവയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-ഈജിപ്ത് സംയുക്ത വ്യാപാര സമിതിയുടെ (ജെടിസി) ഏഴാമത് സെഷന് 2026 നവംബർ 15 ന് കെയ്റോയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ഈജിപ്തിലെ നിക്ഷേപ, വിദേശ വ്യാപാര മന്ത്രി ശ്രീ ഡോ. മുഹമ്മദ് ഫരീദ് സാലിഹും ചേർന്ന് അധ്യക്ഷത വഹിക്കും.
ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക, വാണിജ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് നൽകുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന തരത്തിൽ സംയുക്ത വ്യാപാര സമിതിയെ മന്ത്രി തലത്തിലേക്ക് ഉയർത്തി. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഉഭയകക്ഷി വ്യാപാരം കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനും യോഗം അവസരം നൽകും. വിപണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, താരിഫ് ഇതര തടസ്സങ്ങൾ, വ്യാപാര പരിഹാരങ്ങൾ, കാർഷിക, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, പെട്രോകെമിക്കൽസ്, വളങ്ങൾ, തുണിത്തരങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കസ്റ്റംസ് സഹകരണം, സേവനങ്ങൾ, പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, ഗതാഗതം, ലോജിസ്റ്റിക്സ് എന്നിങ്ങനെ പരസ്പര താൽപ്പര്യമുള്ള മേഖലകൾ ചർച്ചകളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 5.04 ബില്യൺ യുഎസ് ഡോളറിലെത്തി. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 64 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ഈജിപ്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3.87 ബില്യൺ യുഎസ് ഡോളറും, ഈജിപ്തിൽ നിന്നുള്ള ഇറക്കുമതി 2.60 ബില്യൺ യുഎസ് ഡോളറുമായിരുന്നു. ഈജിപ്തിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയിൽ മാംസം, കോഴി ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, പരുത്തി, യന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു, അതേസമയം ക്രൂഡ് പെട്രോളിയം, വളങ്ങൾ, പരുത്തി, ധാതു ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന ഇറക്കുമതി. (ഉറവിടം: ഡിജിസിഐഎസ്)
പരസ്പര വിപണികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക, സ്ഥാപനപരമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, വ്യാപാര സംബന്ധമായ ആശങ്കകൾ പരിഹരിക്കുക, നിക്ഷേപ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവ സംബന്ധിച്ച നടപടികളും ഇരുപക്ഷവും ചർച്ച ചെയ്യും. സൂയസ് കനാൽ സാമ്പത്തിക മേഖല, വ്യാവസായിക വികസനം, ഉൽപ്പാദന മേഖല, അടിസ്ഥാന സൗകര്യ വികസനം, തുറമുഖങ്ങളും ലോജിസ്റ്റിക്സും, പ്രാദേശിക മൂല്യ ശൃംഖലകൾ, എന്നീ മേഖലകളിലെ സഹകരണ സാധ്യതകളും ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കും. ഈജിപ്തിന്റെ തന്ത്രപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനം, രാജ്യത്ത് സാന്നിധ്യം ശക്തമാക്കുന്നതിനും ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും ഇന്ത്യൻ ബിസിനസ്സുകൾക്ക് മികച്ച അവസരങ്ങളാണ് നൽകുന്നത്.
ഇന്ത്യ-ഈജിപ്ത് സംയുക്ത വ്യാപാര സമിതി (JBC) യോഗത്തിലും ഇന്ത്യ-ഈജിപ്ത് ബിസിനസ് ഫോറത്തിലും വിവിധ മേഖലകളിൽ നിന്നുള്ള 130-ലധികം സിഇഒമാരും മുതിർന്ന വ്യവസായ പ്രതിനിധികളും ഉൾപ്പെടുന്ന ഉന്നതതല ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം പങ്കെടുക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരും ബിസിനസ് പങ്കാളികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനുള്ള വേദിയായി ഈ യോഗങ്ങൾ മാറും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുക, സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക പങ്കാളിത്തം വളർത്തുക, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയ്ക്കുള്ള സാധ്യതകൾ ഇരുപക്ഷവും തേടും.
സന്ദർശന വേളയിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈജിപ്തിലെ മുതിർന്ന മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രിമാർ ആശയവിനിമയം നടത്തും.
വടക്കൻ ആഫ്രിക്കയുടെ പ്രധാന പങ്കാളിയും പ്രാദേശിക വിപണികളിലേക്കുള്ള തന്ത്രപ്രധാനമായ പ്രവേശന കവാടവുമായ ഈജിപ്തുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ സന്ദർശനത്തിലൂടെ പ്രതിഫലിക്കുന്നത്. ഉൽപ്പാദന മേഖല,ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, ടെക്സ്റ്റൈൽസ്, രാസവസ്തുക്കൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം, പുനരുപയോഗ ഊർജ്ജം, ലോജിസ്റ്റിക്സ്, നൂതന സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരുരാജ്യങ്ങൾക്കും മികച്ച അവസരങ്ങളാണുള്ളത്. ഈ സന്ദർശനം ഇന്ത്യ-ഈജിപ്ത് സാമ്പത്തിക പങ്കാളിത്തത്തിന് പുതിയ ഉണർവ് നൽകുമെന്നും, സ്ഥാപനപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിലെയും ഈജിപ്തിലെയും വ്യവസായ-വാണിജ്യ സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR