വി.എഫ്.പി.സി.കെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ 3 കോടി രൂപ അനുവദിച്ചു: മന്ത്രി ടി. സിദ്ദിഖ്
Thiruvananthapuram , 14 നവംബര് (H.S.) വി.എഫ്.പി.സി.കെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ 3 കോടി രൂപ അനുവദിച്ചു: മന്ത്രി ടി. സിദ്ദിഖ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക
AGRICULTURE MINISTER T SIDDIQUE


Thiruvananthapuram , 14 നവംബര് (H.S.)

വി.എഫ്.പി.സി.കെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ 3 കോടി രൂപ അനുവദിച്ചു: മന്ത്രി ടി. സിദ്ദിഖ്.

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിനുമായി 3 കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.

കൗൺസിലിന്റെ ആഭ്യന്തര വരുമാനത്തിലുണ്ടായ കുറവിനെത്തുടർന്ന് ജീവനക്കാർക്ക് ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി വി.എഫ്.പി.സി.കെ റിവോൾവിംഗ് ഫണ്ട് ട്രസ്റ്റിൽ പലിശയിനത്തിൽ സമാഹരിച്ച തുകയിൽനിന്ന് 3 കോടി രൂപ പിൻവലിച്ച് ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള അടിയന്തര ചെലവുകൾക്കായി വിനിയോഗിക്കുന്നതിന് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുമതി നൽകി കൃഷിവകുപ്പ് ഉത്തരവിറക്കിയത്.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിപണി ഉറപ്പാക്കുന്നതിനും കാർഷിക വിപണന മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് വി.എഫ്.പി.സി.കെ. സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനും ജീവനക്കാരുടെ തൊഴിൽപരവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തോടെയാണ് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിത്തു തേങ്ങ സംഭരണത്തുക പൂർണമായും വിതരണം ചെയ്തതായും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ഏപ്രിൽ ,മെയ് ,ജൂൺ , മാസത്തിലെ വിത്തുതേങ്ങ സംഭരണത്തിന്റെ ഭാഗമായി നാളികേര കർഷകർക്ക് നൽകാനുള്ള തുക പൂർണമായും വിതരണം ചെയ്തതായി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലായി 1,879 കർഷകർക്ക് ആകെ 1.97 കോടി രൂപയാണ് വിതരണം ചെയ്തത്.

കോഴിക്കോട് ജില്ലയിൽ 686 കർഷകർക്ക് 1.52 കോടി രൂപയും തൃശൂർ ജില്ലയിൽ 1,069 കർഷകർക്ക് 24.49 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 124 കർഷകർക്ക് 19.92 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News