സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പൂർണ ഗ്യാരന്റി ഉറപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
Kochi, 14 നവംബര്‍ (H.S.) സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണമായ നിക്ഷേപ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന സഹകരണ വകുപ്പിൻ്റെയും സംസ്ഥാന സഹകരണ യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്
vds


Kochi, 14 നവംബര്‍ (H.S.)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണമായ നിക്ഷേപ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന സഹകരണ വകുപ്പിൻ്റെയും സംസ്ഥാന സഹകരണ യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 73 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി സംറ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ അഞ്ചുലക്ഷം രൂപയുടെ ഗ്യാരന്റി ബാങ്ക് ലിക്വിഡേഷൻ നടപടികളിലേക്ക് കടന്നശേഷം മാത്രമാണ് ലഭ്യമാകുന്നത്. ഇത് നിക്ഷേപകർക്ക് മതിയായ സുരക്ഷിതത്വബോധം നൽകുന്നില്ല. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിനു സമാനമായ ഉറപ്പ് സഹകരണ മേഖലയിലും ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമാണ്. പെൻഷൻ തുക, വിരമിക്കൽ ആനുകൂല്യങ്ങൾ, ഭൂമി വിറ്റുകിട്ടുന്ന പണം, വിദേശജോലിയിലൂടെ സമ്പാദിച്ച തുക തുടങ്ങിയവയാണ് പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടപ്പെട്ടാൽ അവരുടെ ജീവിതകാലത്തെ സമ്പാദ്യവും ഭാവി പ്രതീക്ഷകളുമാണ് ഇല്ലാതാകുന്നത്. ജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയിൽ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും സത്യസന്ധരും ജനവിശ്വാസം നേടിയവരുമായ സഹകാരികളുണ്ട്. സഹകരണ സ്ഥാപനങ്ങളിലേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ പാർട്ടികൾ സൂക്ഷ്മ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക വളർച്ചയ്ക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ സഹകരണ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും ആധുനികവത്കരിക്കാനും സമഗ്ര പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപ സുരക്ഷ ശക്തിപ്പെടുത്തുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ സഹകരണ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും. സാമ്പത്തിക ദർശനത്തിനൊപ്പം സാമൂഹിക ദർശനം കൂടി ഉൾക്കൊള്ളുമ്പോഴാണ് സഹകരണ പ്രസ്ഥാനം അതിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുക.

സഹകരണ മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം കൂടുതൽ വിപുലീകരിക്കും. നിലവിൽ ഏകദേശം 4,000 സഹകരണ സംഘങ്ങൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കാൻ യോഗ്യതയുള്ള മുഴുവൻ സംഘങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. നിക്ഷേപ പ്രതിസന്ധി നേരിടുന്ന സംഘങ്ങൾക്കും ഗ്യാരണ്ടി സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ പദ്ധതിയിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കോമൺ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ഓഡിറ്റിങ്ങിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ഈ സംവിധാനം സഹായകമാകും. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണ സംഘങ്ങളുടെ സാമ്പത്തിക ശേഷി വികസന പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള പുതിയ മാതൃകയും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാതൃകയാണ് ഇതിൽ പ്രധാനം. വൈദ്യുതി മേഖലയുൾപ്പെടെയുള്ള വികസന പദ്ധതികളിൽ സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്. സാധാരണക്കാരുടെ നിക്ഷേപമായതിനാൽ സാമ്പത്തികമായി ലാഭകരവും മികച്ച വരുമാനസാധ്യതയുള്ളതുമായ പദ്ധതികൾക്ക് മാത്രമായിരിക്കും മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ സാധ്യതകൾ വിലയിരുത്തുന്നതിനായി റൗണ്ട് ടേബിൾ കോൺഫറൻസും പഠനപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ആശ്വാസ പദ്ധതിയുടെ ഭാഗമായി 70,000-ത്തിലധികം അപേക്ഷകൾ തീർപ്പാക്കുകയും 400 കോടി രൂപ സഹകരണ സംഘങ്ങളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും അവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സഹകരണ മേഖലയെ കൂടുതൽ സുതാര്യവും ജനകീയവും പ്രൊഫഷണലുമായ സംവിധാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. സഹകരണ പ്രസ്ഥാനത്തിന്റെ സാമ്പത്തിക കരുത്ത് വികസന പ്രവർത്തനങ്ങളിലേക്ക് കൂടി എത്തിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വളർച്ചയിൽ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കാനാകും. ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതിക്കും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News