രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേധിച്ചതും ജനാധിപത്യവിരുദ്ധവും പ്രതികാര നടപടിയും: കെ.സി. വേണുഗോപാൽ
Thiruvanathapuram, 14 നവംബര്‍ (H.S.) തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കേണ്ട മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പുറത്തുവന്ന രണ്ട് സംഭവങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഗുരുതര
KC Venugopal


Thiruvanathapuram, 14 നവംബര്‍ (H.S.)

തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കേണ്ട മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പുറത്തുവന്ന രണ്ട് സംഭവങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളുടെ തെളിവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവും ഹൈദരാബാദിൽ തെലങ്കാന സർക്കാർ സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ചതും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും ഫോൺ ചോർത്തുന്ന നടപടി പുതിയ കാര്യമല്ല. എന്നാൽ, രാഹുൽ ഗാന്ധിയെ നിരന്തരം നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടി വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണ്. ഭരണകൂടം തന്നെ ഇത്തരം നടപടികൾക്ക് നേതൃത്വം നൽകുന്നുവെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോർവേ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് നേരിട്ട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തക ഹെല്ലേ ലെങ്ങും വിസ നിഷേധിക്കപ്പെട്ടവരിൽ ഉൾപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ മാധ്യമവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള നോർവേയിൽനിന്നുള്ള മാധ്യമപ്രവർത്തകയ്ക്ക് തെലങ്കാനയിലേക്ക് യാത്ര തിരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് വിസ നിഷേധിച്ച നടപടി പ്രതികാര മനോഭാവത്തിന്റെ പരകോടിയാണ്.ഹെല്ലേ ലെങ് തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് 10 മിനിറ്റ് മുൻപു വിസ നിഷേധിച്ച് അറിയിപ്പ് വന്ന ആ പകപോക്കലിന് 'ഓസ്‌കർ' നൽകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്റെ നടപടിയെ കെ സി വേണുഗോപാൽ പരിഹസിച്ചു. തിരികെ ചോദ്യങ്ങൾ ഉയരാത്ത മൻ കീ ബാത്തിൽ മാത്രം ശ്രദ്ധയുള്ള പ്രധാനമന്ത്രിക്ക്,

ചോദ്യങ്ങൾ ഉയർത്തുന്ന മാധ്യമപ്രവർത്തകരോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും നിയന്ത്രണത്തിലാക്കിയും മുന്നോട്ടുപോകുന്ന മോദി സർക്കാരിന്റെ സമീപനം ഇന്ത്യയുടെ ജനാധിപത്യ പ്രതിച്ഛായയ്ക്ക് ആഗോളതലത്തിൽ കളങ്കമുണ്ടാക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികൾ ചോദ്യങ്ങളെയും വിമർശനങ്ങളെയും ഇത്രയേറെ ഭയപ്പെടുന്നത് അപമാനകരമാണ്. വോട്ടുകൊള്ളയിലൂടെയും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിലൂടെയും ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണ് മോദിയും അമിത് ഷായും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നെഹ്‌റുവിന്റെ ജനാധിപത്യ ഇന്ത്യയിൽ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും എക്കാലവും ഇടമുണ്ടാകും. എത്ര ഫോൺ ചോർത്തിയാലും എത്ര സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാലും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിപക്ഷ ശബ്ദം ഉയർന്നുകൊണ്ടേയിരിക്കും. അധികാരത്തിന്റെ സമ്മർദങ്ങൾക്കു മുന്നിൽ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും അടിയറവയ്ക്കില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News