Enter your Email Address to subscribe to our newsletters

oman, 14 നവംബര്‍ (H.S.)
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തി ഇന്ത്യ. ഫൈനലില്‍ പാകിസ്താനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. അല്‍ അമീറത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിനൊടുവിലാണ് ഇന്ത്യന്‍ യുവനിര ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്.
പാകിസ്താന് ഉയര്‍ത്തിയ 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അവസാന ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ (339/9) ഇന്ത്യ മറികടക്കുകയായിരുന്നു. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 49 റണ്‍സെടുത്ത മോഹിത് ഉല്‍വയുടെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. 111 പന്തില്‍ 11 ഫോറും മൂന്ന് സിക്സുമടക്കം 107 റണ്‍സെടുത്ത ഉസ്മാന് ഖാന്റെ സെഞ്ചുറിയാണ് പാക് ഇന്നിംഗ്സിന് കരുത്തായത്. 54 പന്തില്‍ എട്ട് സിക്സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്ത അബ്ദുള്‍ ഖാദിര്‍ സ്കോറിംഗിന് വേഗം കൂട്ടി. ക്യാപ്റ്റന്‍ ഫര്ഹാന് യൂസഫ് (60 പന്തില്‍ 63), അഹമ്മദ് ഹുസൈന് (17) എന്നിവരും മികച്ച സംഭാവന നല്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനിയും (101 പന്തില്‍ 80) ആര്യവീര്‍ സെവാഗും (61 പന്തില്‍ 58) മികച്ച തുടക്കമാണ് നല്‍കിയത്. മധ്യനിരയില്‍ മനല്‍ ചൗഹാന് 32 പന്തില്‍ 47 റണ്‍സെടുത്ത് ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കി.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് ഇന്ത്യയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഒന്‍പതാം വിക്കറ്റും വീണതോടെ ഇന്ത്യ പരാജയം മണത്തതായിരുന്നു. എന്നാല്‍ അവസാന വിക്കറ്റില്‍ ചിഗുരുപാട്ടി വെങ്കടയെ (എട്ട് പന്തില്‍ 11*) കൂട്ടുപിടിച്ച് മോഹിത് ഉല്‍വ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചു. പാകിസ്താനു വേണ്ടി റിസ്വാനുള്ള മൂന്നും നിഖാബ് ഷഫീഖ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
---------------
Hindusthan Samachar / Sreejith S