Enter your Email Address to subscribe to our newsletters

Kottayam, 15 നവംബര് (H.S.)
കോട്ടയം: അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവായുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ രംഗത്ത്. വിഷയത്തിൽ സർക്കാർ തികച്ചും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് സഭ ആരോപിച്ചു. കോതമംഗലത്തും മണർകാടും നടന്നത് സർക്കാർ സ്പോൺസേർഡ് പരിപാടികളാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പൊലീത്ത കുറ്റപ്പെടുത്തി.
സഭാ തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികൾ നിലനിൽക്കെ, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് ഓർത്തഡോക്സ് സഭയുടെ പ്രധാന ആക്ഷേപം. സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ വാക്കുകൾക്ക് ശേഷം സംസ്ഥാനത്ത് അസമാധാനം സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അരങ്ങേറിയതെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് ചൂണ്ടിക്കാട്ടി. സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള നടപടികളാണ് പിന്നീടുണ്ടായത്.
ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് കോതമംഗലത്തും മണർകാടും പരിപാടികൾ സംഘടിപ്പിച്ചതെന്നും, ഇത് സർക്കാർ സ്പോൺസേർഡ് പ്രോഗ്രാമാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ക്രമസമാധാന പാലനത്തിന് നേതൃത്വം നൽകേണ്ട സർക്കാർ തന്നെ ഒരു വിഭാഗത്തിന് മാത്രമായി ഒത്താശ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സഭ വ്യക്തമാക്കി.
അതേസമയം, സഭാ തർക്കത്തിന് പരിഹാരം കാണുന്നതിനായി മുൻപ് നടന്ന സമാധാന ശ്രമങ്ങൾ അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ചും മെത്രാപ്പൊലീത്ത പ്രതികരിച്ചു. സമാധാന ശ്രമങ്ങളെ അട്ടിമറിച്ചത് കോൺഗ്രസിലുള്ള ചില നേതാക്കളാണെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് പലരും ഈ വിഷയത്തിൽ ഇടപെടുന്നത്.
എന്നാൽ, നിലവിലെ പ്രതിസന്ധികളിലും സഭ പ്രതീക്ഷ കൈവിടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവാഴ്ചയിലൂടെയും നീതിയിലൂടെയും സഭയിൽ ശാശ്വത സമാധാനം പുലരുമെന്ന ശുഭാപ്തിവിശ്വാസമാണ് ഓർത്തഡോക്സ് സഭയ്ക്കുള്ളത്. സമാധാനപരമായ ചർച്ചകൾക്കും നിയമപരമായ പോരാട്ടങ്ങൾക്കും സഭ എന്നും ഒപ്പമുണ്ടാകുമെന്നും, ശാശ്വത സമാധാനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസസമൂഹമെന്നും ഓർത്തഡോക്സ് സഭ നേതൃത്വം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K