ബാറുകളില് പാട്ടും നൃത്തവും വിലക്കാനാകില്ല; ഹൈക്കോടതി
KOCHI, 16 നവംബര്‍ (H.S.) കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാന്‍ കഴിയില്ലെന്നും ഇത്തരം പരിപാടികളെ മാത്രം പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നത് എന്തിനാ
kerala high court


KOCHI, 16 നവംബര്‍ (H.S.)

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാന്‍ കഴിയില്ലെന്നും ഇത്തരം പരിപാടികളെ മാത്രം പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഹോട്ടലുകളില്‍ മദ്യം വിളമ്പുന്നതില്‍ പൊലീസിന് യാതൊരു എതിര്‍പ്പുമില്ല. മദ്യ ഉപഭോഗത്തില്‍ പ്രശ്‌നമില്ലാത്തതിന് കാരണം അതിലൂടെ സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത് കൊണ്ടാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് മാത്രം എന്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലെന്ന് പറയാന്‍ കഴിയുമോയെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. പാട്ട് കേള്‍ക്കുന്നതോ നൃത്തം ചെയ്യുന്നതോ ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകും. പള്ളികളിലും അമ്പലങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആളുകള്‍ സന്തോഷിക്കാനാണ് ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്. രാത്രി സിനിമയ്ക്ക് പോകുന്നതൊഴിച്ചാല്‍ കേരളത്തില്‍ മറ്റെന്താണ് ചെയ്യാനുള്ളതെന്ന് ചോദിച്ച കോടതി, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കാനാകുമെന്നും നിരീക്ഷിച്ചു. രാത്രി ജീവിതം തന്നെ നിരോധിക്കുമോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഡിജെ എന്നത് ഒരു തൊഴിലാണെന്നും അതിനെ ആ രീതിയില്‍ തന്നെ കാണണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ബാര്‍ ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ സ്ഥലത്ത് ഡിജെ പാര്‍ട്ടി നടത്തിയാല്‍ നിരോധിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. അത്തരം സ്ഥലത്ത് ലൈസന്‍സ് ആവശ്യമുണ്ടോയെന്നതിലടക്കം വിശദീകരണം നല്‍കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഡിജെ പാര്‍ട്ടികളിലടക്കമുള്ള നിയന്ത്രണത്തില്‍ നിയമപരമായ അടിസ്ഥാനമെന്തെന്ന് ചോദിച്ച ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ലഹരി ഉപയോഗത്തോട് വിട്ടുവീഴ്ചയില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേദികളില്‍ പൊലീസിനെ വിന്യസിക്കാമെന്നും കോടതി വ്യക്തമാക്കി. പൊലീസിന്റെ ലഹരിവിരുദ്ധ നടപടികള്‍ ഡിജെ പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങരുത്. ലഹരി ഉപയോഗവും നിയമലംഘനങ്ങളും എവിടെയുണ്ടായാലും പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News