Enter your Email Address to subscribe to our newsletters

Chennai , 16 നവംബര് (H.S.)
ചെന്നൈ: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അനധികൃതമായി തമിഴ്നാട്ടിൽ തള്ളിയ കേസിൽ നാലുപേർ അറസ്റ്റിൽ.മാലിന്യം കടത്താനും തള്ളാനും ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തതായി തെങ്കാശി പൊലീസ് അറിയിച്ചു.ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരനായ വെള്ളദുരൈ എന്നിവരടക്കം നാല് തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.
കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങളും മറ്റ് അപകടകരമായ മാലിന്യങ്ങളും തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ തള്ളുന്നത് പതിവാണെന്ന ആരോപണം ഏറെനാളായി ശക്തമാണ്.തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ അതിർത്തി ജില്ലകളിലെ കൃഷിഭൂമികളിലും ജലാശയങ്ങൾക്ക് സമീപവുമാണ് രാത്രികാലങ്ങളിൽ ലോറികളിൽ എത്തിച്ച് മാലിന്യം തള്ളുന്നത്. ഇത് പ്രദേശവാസികൾക്കിടയിൽ വലിയ ആരോഗ്യ-പാരിസ്ഥിതിക ഭീഷണികൾ ഉയർത്തുന്നുണ്ട്.
മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികളും കർഷക സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.'കേരളത്തിന്റെ മാലിന്യക്കൂമ്പാരമല്ല തമിഴ്നാട്' എന്ന പേരിൽ സമൂഹമാധ്യമങ്ങളിലും അതിർത്തി പ്രദേശങ്ങളിലും വലിയ ക്യാംപെയിൻ സജീവമായതിന് പിന്നാലെയാണ് തെങ്കാശി പൊലീസ് അതിർത്തി ചെക്ക്പോസ്റ്റുകളിലും ഉൾപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയത്.തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് മാലിന്യവുമായി എത്തിയ സംഘം പൊലീസിന്റെ വലയിലായത്.
അതിർത്തി കടന്ന് അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തെങ്കാശി എസ്.പി.ആർ.സ്റ്റാലിൻ വ്യക്തമാക്കി.ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഗുണ്ടാനിയമം (Goondas Act) അടക്കമുള്ള കടുത്ത വകുപ്പുകൾ ചുമത്തുമെന്നും അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും കർശന പരിശോധന ഉറപ്പാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുമ്പും സമാനമായ സംഭവങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.2024 ഡിസംബറിൽ തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) സ്വമേധയാ കേസെടുത്തിരുന്നു.അന്ന് കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് 30 ലോറികളിലായി മാലിന്യം കേരളത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകേണ്ടി വന്നത് സംസ്ഥാനത്തിന് വലിയ നാണക്കേടായിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരള സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും അടിയന്തരമായി ഇടപെടണമെന്നും, മാലിന്യം കൈമാറുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നുമുള്ള ആവശ്യം ഇരുസംസ്ഥാനങ്ങളിലും ശക്തമായിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K