Enter your Email Address to subscribe to our newsletters

Kochi, 16 നവംബര്‍ (H.S.)
നെടുമ്പാശ്ശേരി അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ മുഖ്യപ്രതി സുഹൈല് സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നും സുഹൈല്‍ പുറത്തിറങ്ങിയത്. നാടിനെ നടുക്കിയ അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
കേസിലെ മറ്റ് പ്രതികളായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീന്‍ ഷാ എന്നിവര്‍ക്ക് ഈ മാസം ആറാം തീയതി തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്ന മുഖ്യപ്രതിയായ സുഹൈലിനെ പത്ത് ദിവസത്തിന് ശേഷം മാത്രമേ ജാമ്യത്തില്‍ വിടാവൂ എന്ന് ഹൈക്കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശിച്ച ഈ കാലാവധി പൂര്‍ത്തിയായതോടെയാണ് ഇന്ന് പ്രതി പുറത്തിറങ്ങിയത്.
ബോസ്റ്റല്‍ സ്‌കൂളിന് പുറത്തേക്ക് വന്ന സുഹൈലിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കാന്‍ ബന്ധുക്കള്‍ നേരത്തെ തന്നെ കാത്തിരിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഉടന്‍ തന്നെ ബന്ധുക്കള്‍ ഇയാളെ വലയം ചെയ്ത് നില്‍ക്കുകയും, മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കണ്ണുകളില്‍പ്പെടാതെ വേഗത്തില്‍ കാറില്‍ കയറ്റി സ്ഥലത്തുനിന്ന് കൊണ്ടുപോവുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ പതിനൊന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് ഈ ദാരുണമായ അപകടം നടന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയതായിരുന്നു സുഹൈല്‍ സജീവ്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ സുഹൈല്‍ ഓടിച്ചിരുന്ന മിനി കൂപ്പര്‍ കാര്‍ നിയന്ത്രണം വിട്ട്, വിമാനത്താവള റോഡില്‍ ചായ കുടിച്ച ശേഷം ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന മൂവര്‍ സംഘത്തിന് നേരെ പാഞ്ഞുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രണ്ട് യുവതികളും ഒരു യുവാവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കര്‍ണാടക സുള്ളിയ സ്വദേശി ഇയാസ് (21), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക (22), വയനാട് സ്വദേശി ദേവിക (21) എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം മികച്ച ജോലിക്കായി കാത്തിരുന്ന ഇവര്‍ തൃക്കാക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ അന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S