Enter your Email Address to subscribe to our newsletters

Kochi, 17 നവംബര്‍ (H.S.)
അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ 62ാമത് സമ്മേളനവും മന്ത്രിതല യോഗവും കൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ രാംനാഥ് ഠാക്കൂര്‍ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.
നാളികേര ഉല്‍പ്പാദക രാജ്യങ്ങള്‍ പൊതുവായ വെല്ലുവിളികള്‍ നേരിടുന്നതിനും ആഗോള നാളികേര മേഖലയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിനും കൂടുതല്‍ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
ലോകത്തെ പ്രമുഖ നാളികേര ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ സ്ഥാനം എടുത്തുപറഞ്ഞ അദ്ദേഹം ഗവേഷണ സഹകരണം, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികള്‍, കര്‍ഷക ശാക്തീകരണം, നൈപുണ്യ വികസനം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വികസനം, വിപണി വിപുലീകരണം എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നാളികേര മേഖല ഏകദേശം മൂന്ന് കോടി ജനങ്ങളുടെ ഉപജീവനത്തിന് പിന്തുണ നല്‍കുന്നതായും ഇതില്‍ ഒരു കോടി കര്‍ഷകര്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകളും അദ്ദേഹം എടുത്തുപറഞ്ഞു.
സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര കൃഷി സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര, IAS , മാറിവരുന്ന ഉപഭോക്തൃ അഭിരുചികള്‍ക്കും അന്താരാഷ്ട്ര വിപണിയുടെ ആവശ്യകതകള്‍ക്കും അനുസൃതമായി നാളികേര വ്യവസായം മുന്നേറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സുസ്ഥിരമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വീഗന്‍, ലാക്ടോസ് രഹിത ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങള്‍, സര്ട്ടിഫിക്കേഷന്, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. ജെല്ഫീന സി. അലോവ്, നാളികേര ഉല്‍പ്പാദക രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിനും അറിവ്, സാങ്കേതികവിദ്യ, അനുഭവങ്ങള്‍ എന്നിവ കൈമാറുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ICC വഹിക്കുന്ന പങ്ക് വിശദീകരിച്ചു. ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവര്‍ ചൂണ്ടിക്കാട്ടി.
മാര്‍ഷല്‍ ദ്വീപുകളുടെ പ്രകൃതിവിഭവ-വാണിജ്യ മന്ത്രി ആന്റണി മുള്ളര്‍, കിരിബാസിന്റെ ടൂറിസം, വാണിജ്യം, വ്യവസായം, സഹകരണ മേഖലകളുടെ മന്ത്രി തംഗ്രികി റീത്തേ, സമോവയിലെ കൃഷി-മത്സ്യബന്ധന സഹമന്ത്രി ഐഒലുപോറ്റിയ മിസ ടോണി ഐഒലുപോ എന്നിവര്‍ പ്രത്യേക പ്രഭാഷണങ്ങള്‍ നടത്തി. തങ്ങളുടെ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിലും ജനജീവിതത്തിലും നാളികേരത്തിനുള്ള പ്രാധാന്യവും തുടര്‍ന്നുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയും അവര്‍ വ്യക്തമാക്കി.
കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഹോര്‍ട്ടികള്‍ച്ചര്‍) കൂടിയായ ദേശീയ ലെയ്സണ്‍ ഓഫീസര്‍ (ചഘഛ) ഡോ. പ്രഭാത് കുമാര്‍ സ്വാഗതപ്രസംഗം നടത്തി. സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഗവേഷണ പ്രോത്സാഹനം, അംഗരാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കുള്ള വേദിയായി സമ്മേളനത്തിന്റെ പ്രാധാന്യം നാളികേര വികസന ബോര്‍ഡ് ചെയര്മാന് ശ്രീ സുബാ നാഗരാജന് വിശദീകരിച്ചു.
നാളികേര മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് മൂന്ന് വിഭാഗങ്ങളിലായി ICC പ്രശംസാ ഫലകങ്ങള്‍ സമ്മാനിച്ചു. തമിഴ്നാട് കോയമ്പത്തൂരിലെ ശ്രീ കെ. സമ്പത്കുമാറിന് മികച്ച ദേശീയ നാളികേര കര്‍ഷകനുള്ള പുരസ്കാരവും, അപെക്സ് കോക്കോ പ്രോഡക്ട്സ് ലിമിറ്റഡ്, തിരുപ്പൂര്‍ മികച്ച ദേശീയ നാളികേര സംരംഭകനുള്ള പുരസ്കാരവും, ICAR കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. എം. ആര്. മണികണ്ഠന് മികച്ച നാളികേര ശാസ്ത്രജ്ഞന്/ഗവേഷകനുള്ള പുരസ്കാരവും സമ്മാനിച്ചു.
നാളികേര വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീമതി ദീപ ഡി. നായര്‍ IFS നന്ദി രേഖപ്പെടുത്തി. 2026 നവംബര്‍ 17 മുതല്‍ 20 വരെ നടക്കുന്ന നാല് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാളികേര വികസന ബോര്‍ഡും അന്താരാഷ്ട്ര നാളികേര സമൂഹവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഗവേഷണം, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, സുസ്ഥിര വികസനം, മൂല്യവര്‍ധന, നാളികേരത്തിന്റെയും നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും ആഗോള വിപണി വിപുലീകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമ്മേളനം വേദിയൊരുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR