Enter your Email Address to subscribe to our newsletters

Pathanamthitta , 17 നവംബര് (H.S.)
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. പുലർച്ചെ മൂന്ന് മണിക്ക് നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. തീർഥാടനത്തിൻ്റെ ആദ്യ ദിനമായ ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 60,000 പേരും സ്പോട്ട് ബുക്കിങ് വഴിയെത്തുന്നവരും ഉൾപ്പെടെ 80,000ത്തോളം ഭക്തർ സന്നിധാനത്ത് എത്തുമെന്നാണ് വിലയിരുത്തൽ.
ഇന്നലെ വൈകിട്ട് നട തുറന്നതോടെയാണ് ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കമായത്. 18-ാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നതിന് പിന്നാലെ ശബരിമലയിലെയും മാളികപ്പുറത്തെയും രണ്ട് പുതിയ മേൽശാന്തിമാരും ചുമതലയേറ്റു
ചടങ്ങുകൾ പൂർത്തിയായതോടെ ഭക്തർക്ക് സന്നിധാനത്തേക്ക് എത്താനും സോപാനത്തിൽ തൊഴാനും അവസരമൊരുങ്ങി. തുടർന്ന് വൃശ്ചികം ഒന്നിന് പുലർച്ചെ നട തുറന്നതോടെ പുതിയ മേൽശാന്തിമാർ പൂജാ കർമങ്ങളിലേക്ക് കടന്നു. ഇന്നുമുതൽ സന്നിധാനത്ത് പ്രത്യേക പൂജകൾ ഉണ്ടാകും. ഇതിൻ്റെ സമയക്രമം തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
നട തുറന്ന ഇന്നലെ തന്നെ സന്നിധാനത്ത് ഭക്തരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ തീർഥാടകർ എത്തിത്തുടങ്ങിയിരുന്നുവെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടത്. നട തുറക്കുന്ന സമയമായപ്പോഴേക്കും തീർഥാടകരെ ഘട്ടംഘട്ടമായി സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു. വരും ദിവസങ്ങളിലും തുടർച്ചയായി 80,000ത്തോളം ഭക്തർ എത്തുമെന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഒരു മിനിറ്റിൽ പരമാവധി 75 പേരെയെങ്കിലും 18-ാം പടി കയറ്റുക എന്നതാണ് പൊലീസിൻ്റെ ദൗത്യം. എവിടെയെങ്കിലും പിഴവുണ്ടായാൽ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്നതിനാൽ അതൊഴിവാക്കാൻ മാസങ്ങൾ നീണ്ട തയാറെടുപ്പുകളാണ് ദേവസ്വം ബോർഡും പൊലീസും നടത്തിയത്. സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്ന ദേവസ്വം മന്ത്രി കെ മുരളീധരൻ രാവിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തി.നിലവിലെ ക്രമീകരണങ്ങളിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും ഇന്നലെ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
തീർഥാടന കാലത്ത് സന്നിധാനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ശുചിത്വ പരിപാലനമാണ്. ശുചിമുറികൾ ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി നേരിട്ടുപോയി കണ്ട സ്ഥലത്തുൾപ്പെടെ ശുചീകരണത്തിനുള്ള കരാറും ടെൻഡറും ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ പുതിയ ടെൻഡർ ആകുന്നതുവരെ ശുചീകരണ പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് നേരിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രസാദ വിതരണത്തിനായി 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി വയ്ക്കും. ഇന്നത്തോടുകൂടി കരുതൽ ശേഖരം 50 ലക്ഷത്തിലേക്ക് എത്തുമെന്നാണ് ദേവസ്വം ബോർഡിൻ്റെ ആത്മവിശ്വാസം. അതിനാൽ യാതൊരു നിയന്ത്രണങ്ങളോ പരിധികളോ ഇല്ലാതെ മുഴുവൻ ഭക്തർക്കും അപ്പവും അരവണയും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
ഇടുക്കിയിലെ സത്രം-പുല്ലുമേട് കാനനപാത വഴി രാവിലെ മുതൽ അയ്യപ്പഭക്തരെ കടത്തിവിട്ടു തുടങ്ങി . വനംവകുപ്പ് ഓഫിസിന് സമീപം പ്രത്യേക പ്രാർഥനകൾക്ക് ശേഷമാണ് പാത തുറക്കുക. കാനനപാതയിൽ വന്യമൃഗ സാന്നിധ്യവും മൂടൽമഞ്ഞും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തീർഥാടകരെ കടത്തിവിടുന്നത്.
രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ സത്രത്തിൽനിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂ. സന്നിധാനത്തുനിന്ന് സത്രത്തിലേക്ക് രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാറിന് സമീപം വാളാഡി എസ്റ്റേറ്റിലാണ് ഇത്തവണ തീർഥാടകരുടെ വാഹനങ്ങൾക്കായി പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR