എൽ.പി.എസ്.ടി സമരം: വളർമതി ജലപാനം തുടങ്ങി; ആരോഗ്യനില വീണ്ടെടുത്ത ശേഷം ചർച്ചയെന്ന് സർക്കാർ
Thiruvananthapuram, 17 നവംബര് (H.S.) തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 130 ദിവസത്തിലേറെയായി തുടരുന്ന എൽ.പി.എസ്.ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡർമാരുടെ സമരം നിർണായക ഘട്ടത്തിലേക്ക്. 23 ദിവസമായി നിരാഹാര സമരം നടത്തിവന്നിരുന്ന സമരസമിത
എൽ.പി.എസ്.ടി സമരം: വളർമതി ജലപാനം തുടങ്ങി; ആരോഗ്യനില വീണ്ടെടുത്ത ശേഷം ചർച്ചയെന്ന് സർക്കാർ


Thiruvananthapuram, 17 നവംബര് (H.S.)

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 130 ദിവസത്തിലേറെയായി തുടരുന്ന എൽ.പി.എസ്.ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡർമാരുടെ സമരം നിർണായക ഘട്ടത്തിലേക്ക്. 23 ദിവസമായി നിരാഹാര സമരം നടത്തിവന്നിരുന്ന സമരസമിതി കൺവീനർ വളർമതി വെള്ളം കുടിച്ചു തുടങ്ങി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ചയിൽ നേരിട്ട് പങ്കെടുക്കുന്നതിനായാണ് വളർമതി ജലപാനം ആരംഭിച്ചിരിക്കുന്നത്. വളർമതിയുടെ ആരോഗ്യനില വീണ്ടെടുത്തതിനുശേഷം സമരസമിതിയുമായി ചർച്ചയിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.

ദീർഘനാളത്തെ നിരാഹാരത്തെത്തുടർന്ന് ആരോഗ്യനില അതീവ ഗുരുതരമായതോടെ വളർമതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷവും നിരാഹാരം തുടരാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടുകയും വിദ്യാഭ്യാസ മന്ത്രി സമരസമിതിയുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് സമരമുഖത്ത് മഞ്ഞുരുകിത്തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന്, ചർച്ചയിൽ പങ്കെടുക്കാൻ ആരോഗ്യനില വീണ്ടെടുക്കേണ്ടതുണ്ടെന്ന ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും നിർദ്ദേശം വളർമതി സ്വീകരിക്കുകയായിരുന്നു.

നിലവിൽ പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യനില അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് ചർച്ചയുടെ തീയതിയും സമയവും ഔദ്യോഗികമായി പ്രഖ്യാപിക്കും.

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി ഒഴിവുകളിൽ നിയമനം നടത്തുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നതിൽ നിന്നും 1:25 ആയി കുറയ്ക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, വളർമതിയുടെ ആരോഗ്യസ്ഥിതി വഷളായതും പ്രതിഷേധം ശക്തമായതും കണക്കിലെടുത്താണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റാങ്ക് ഹോൾഡർമാർ.

---------------

Hindusthan Samachar / Roshith K


Latest News